KSDLIVENEWS

Real news for everyone

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യിൽ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി. പരീക്ഷ 29-നും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ 26-നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.

2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതുന്നത്.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വി.കെ.എം.എം. എച്ച്.എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർഥികൾ പരീക്ഷയെഴുതുന്നുണ്ട്. വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്.എസ്.എൽ.സി. പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40-നു തുടങ്ങും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ രാവിലെ 9.40-നാണ്.

പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

പരീക്ഷകളുടെ നടത്തിപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാർഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാകേന്ദ്രത്തിലൊരുക്കും. ക്ലാസ് മുറികളിൽ പേന, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർഥിയും ഇൻവിജിലേറ്ററും പി.പി.ഇ. കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ ഒരുക്കും. വിദ്യാർഥികളെ കൂട്ടംകൂടാൻ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികൾക്കുമുന്നിലും വിദ്യാർഥികൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!