KSDLIVENEWS

Real news for everyone

തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട്, ‘സഹകരിച്ചാല്‍ നാളെയും മൂത്രമൊഴിക്കാം’ എന്ന് ഓഫീസര്‍ക്ക് ഭീഷണി

SHARE THIS ON

കണ്ണൂർ: തിരഞ്ഞെടുപ്പ് തലേന്നും പോളിങ് ദിവസവും ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം തിരക്കിന്റെയും സമ്മർദത്തിന്റെയും കനത്ത ഉത്തരവാദിത്വത്തിന്റെയും ദിവസങ്ങളാണ്. ഒപ്പം കൗതുകത്തിന്റെയും നർമത്തിന്റെയും മുഹൂർത്തങ്ങൾ സമ്മാനിച്ച ദിനങ്ങളും. ദുരനുഭവത്തിന്റെ ഓർമകളും കാണും പലർക്കും. പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർമാർ എന്നിവരെക്കൂടാതെ സാനിറ്റൈസർ വിതരണംചെയ്തയാൾക്കും സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനുംവരെയുണ്ടാകും രസച്ചരടിൽ കോർത്ത അനുഭവങ്ങൾ. ഉദ്യോഗസ്ഥർക്കുണ്ടായ അനുഭവങ്ങളേറെയും ഇത്തവണ കള്ളവോട്ടുമായി ബന്ധപ്പെട്ടതാണ്. ‘നെഗറ്റീവും’ അല്ലാത്തതുമായ അനുഭവങ്ങളുടെ കനത്ത പോളിങ് നടന്ന ബൂത്തുകളിലെ ചില കാഴ്ചകളിതാ..

സഹകരിച്ചാൽ നാളെയും മൂത്രമൊഴിക്കാം

സംഭവംനടന്നത് പയ്യന്നൂർ മണ്ഡലത്തിലെ ബൂത്തിൽ. തിരിച്ചറിയൽ കാർഡില്ലാതെ വോട്ട് ചെയ്യാനെത്തിയവർക്കുനേരേ ഫസ്റ്റ് പോളിങ് ഓഫീസർ മുഖം കറുപ്പിച്ചു. തിരിച്ചറിയൽ കാർഡില്ലാതെ ഒരു കാരണവശാലും വോട്ട് അനുവദിക്കില്ലെന്നായി അദ്ദേഹം. മൊബൈൽ ഫോണിലെടുത്ത തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ പോരേ എന്നായി ആഗതർ. പോരെന്ന് ഉദ്യോഗസ്ഥൻ. വോട്ട് ചെയ്യാനെത്തിയവർക്ക് ചുരുക്കത്തിൽ നിരാശനായി മടങ്ങേണ്ടിവന്നു. അല്പനേരത്തിനുശേഷം ഉദ്യോഗസ്ഥൻ മൂത്രമൊഴിക്കാനായി ശൗചാലയത്തിലേക്ക് നീങ്ങി. തൊട്ടുപിറകെ വെച്ചുപിടിച്ച് മൂന്നുപേർ. ഉദ്യോഗസ്ഥൻ കാര്യം സാധിക്കുന്നതിനുമുമ്പെ വന്നു, പിറകെയെത്തിയവരുടെ മുന്നറിയിപ്പ്: സഹകരിച്ചാൽ നിങ്ങൾക്കും നല്ലത്, ഞങ്ങൾക്കും നല്ലത്. നാളെയും മൂത്രമൊക്കെ ഒഴിക്കേണ്ടതല്ലേ…”

ഇവിടെ ഹൈ ടെൻഷൻ…അവിടെ നോ ടെൻഷൻ…

ധർമടം മണ്ഡലത്തിലെ ബൂത്തിലാണ് സംഭവം. 596 വോട്ടിൽ നാനൂറെണ്ണവും സമാധാനമായി പോൾചെയ്ത് നിൽക്കുന്ന സമയത്താണ് വൈകീട്ട് ആറോടെ ഉദ്യോഗസ്ഥരെത്തേടി ആ വിവരമെത്തുന്നത്. കോവിഡ് ബാധിതരായ മൂന്നുപേർ വോട്ട് ചെയ്യാനെത്തുന്നു! ജീവിതത്തിലാദ്യമായി പി.പി.ഇ. കിറ്റിനുള്ളിൽ കയറിപ്പറ്റാൻ പെട്ട പാട് ഉദ്യോഗസ്ഥർക്കേ അറിയൂ. സർവസുരക്ഷാ സന്നാഹങ്ങളോടെ നിൽക്കുമ്പോഴേക്കും ആഗതരെത്തി. സാദാ വസ്ത്രമണിഞ്ഞ് വളരെ ‘കൂളായി’ ഓട്ടോറിക്ഷയിൽ! ഞെട്ടിയത് ഉദ്യോഗസ്ഥരോടൊപ്പം ബൂത്തിലുണ്ടായിരുന്ന മറ്റുള്ളവരും. കോവിഡ് സുരക്ഷാവസ്ത്രമണിയാതെ വോട്ട് ചെയ്യാനനുവദിക്കില്ലെന്ന് പോളിങ് ഉദ്യോഗസ്ഥർ കർശന നിലപാടെടുത്തതോടെ സുരക്ഷാ കിറ്റണിഞ്ഞ് വോട്ടിങ് നടന്നു.

പെട്ടത് സസ്യാഹാരികൾ

ഇനി ശുദ്ധ സസ്യാഹാരിയായ ഒരു പോളിങ് ഉദ്യോഗസ്ഥനുണ്ടായ അനുഭവം നോക്കാം: ഉച്ചയ്ക്ക് ലഭിച്ച പൊതിച്ചോറിനകത്ത് മീൻകറിയും പച്ചക്കറിയും പ്രത്യേകം പ്ലാസ്റ്റിക് കവറുകളിലാക്കി റബ്ബർ ബാൻഡ് കെട്ടി സൂക്ഷിച്ചിരിക്കുന്നു! മാനസികമായി വല്ലായ്മതോന്നിയ ഉദ്യോഗസ്ഥന് ഉച്ചഭക്ഷണം ഒഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മണിക്കൂറുകൾ ഈനിലയിൽ തുടർന്നതോടെ ഉദ്യോഗസ്ഥന് തലകറങ്ങി. ആസ്പത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയതിനുശേഷമാണ് അദ്ദേഹം പൂർവസ്ഥിതി പ്രാപിച്ചത്.

അച്ഛന്റെ പേര് മറന്നു

ജില്ലയിലെ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തിലാണ് സംഭവം. വൈകീട്ട് നാലോടെ വോട്ട് ചെയ്യാനെത്തിയ വനിതാ വോട്ടറുടെ ശരീരഭാഷയിൽ സംശയംതോന്നിയ ഉദ്യോഗസ്ഥൻ അവരോട് അച്ഛന്റെ പേര് ചോദിച്ചു.

ചോദ്യംകേട്ട് വോട്ടർ ആദ്യമൊന്ന് വിരണ്ടു. പിന്നെ വിളിപ്പാടകലെയുള്ള ബൂത്ത് ഏജന്റിനോട് ഉച്ചത്തിൽ ഒരു ചോദ്യം: ”ഡാ മോനേ, എന്തായിരുന്നെടാ എന്റെ അച്ഛന്റെ പേര് ?” ഇത്തവണ ഞെട്ടിയത് ഉദ്യോഗസ്ഥരും ബൂത്തിലുണ്ടായിരുന്ന മറ്റുള്ളവരും. ഇതിന് തൊട്ടുള്ള മണ്ഡലത്തിലെ ബൂത്തിൽ കൃത്രിമ വോട്ടർകാർഡുമായി വോട്ട് ചെയ്യാനെത്തിയവരോട് സംശമുള്ളതിനാൽ ഫോട്ടോ എടുക്കണമെന്നായി പ്രിസൈഡിങ് ഓഫീസർ.

കടുംപിടിത്തംപിടിച്ച ഓഫീസർക്ക് കിട്ടിയത് തെറിയുടെ അഭിഷേകം. ഉദ്യോഗസ്ഥന് ചങ്കുറപ്പ് അല്പം ജാസ്തിയായതിനാൽ ഇത്തരക്കാർ വോട്ട് ചെയ്യാതെ മടങ്ങേണ്ടിവന്നുവെന്നുമാത്രം.

വികാരത്തള്ളിച്ചയിൽ കോവിഡിനെ മറന്നു

കോവിഡ് പോസിറ്റീവായ ആൾ വൈകീട്ട് ആറേകാലോടെ വോട്ട് ചെയ്യാനെത്തിയത് സുരക്ഷാ കിറ്റ് ധരിക്കാതെ. ആളുടെ പാർട്ടിയേതെന്ന് വ്യക്തമായി അറിയാവുന്ന എതിർപാർട്ടിക്കാരിൽ പ്രതിഷേധം സടകുടഞ്ഞെണീറ്റു. സുരക്ഷാവേഷമണിയാതെ വോട്ട് ചെയ്യാനാവില്ലെന്നുപറഞ്ഞ് എതിരാളികൾ വോട്ടറെ ബലമായി പിടിച്ചുമാറ്റി. ഇവരെല്ലാം ബുധനാഴ്ച കോവിഡ് പരിശോധന നടത്തിയിട്ടുണ്ടാവാനാണ് സാധ്യത. വികാരത്തള്ളിച്ചയിൽ കോവിഡ് രോഗിയെയാണ് തങ്ങൾ പിടിച്ചുമാറ്റന്നതെന്നകാര്യം പലരും മറന്നു എന്നതാണ് കാര്യം. സാധാരണയായി രണ്ട് ബൂത്തുകൾ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കൂടുതൽ ബൂത്തുകൾ നിലവിൽവന്നതറിയാതെ പഴയ ബൂത്തിലെ നിരയിൽ ദീർഘനേരം കാത്തുനിന്നവരുണ്ട്. ഇവരുടെ സമയത്തോടൊപ്പം മറ്റുള്ളവരുടെ സമയവും പാഴായത് മിച്ചം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!