KSDLIVENEWS

Real news for everyone

ന്യൂനമര്‍ദം ടൗട്ടേ ചുഴലിക്കാറ്റായി: അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

SHARE THIS ON

തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു.ന്യൂനമർദം വെള്ളിയാഴ്ച രാത്രി കണ്ണൂർ തീരത്തുനിന്ന് 300 കിലോമീറ്റർമാത്രം അകലെയായിരുന്നു. അതിനാൽ വടക്കൻ കേരളത്തിലാണ് മഴയും കാറ്റും കൂടുതൽ ലഭിച്ചത്. അഞ്ച് വടക്കൻ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്,. മഴയും കാറ്റും ഞായറാഴ്ചയും തുടരും. റെഡ് അലർട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഓറഞ്ച് അലർട്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ യെല്ലോ അലർട്ട് തിരുവനന്തപുരം, പാലക്കാട് ദുരന്തനിവാരണസേന തയ്യാർ കെടുതികളുണ്ടാക്കിയാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ വിന്യസിച്ചു. കരസേനയുടെ മൂന്നുസംഘങ്ങൾ കണ്ണൂരിലും കാസർകോടുമുണ്ട്. രണ്ടു സംഘങ്ങളെ തിരുവനന്തപുരത്ത് കരുതിയിട്ടുണ്ട്.െ ബംഗളൂരുവിൽ എൻജിനിയറിങ് ടാസ്ക് ഫോഴ്സ് സന്നദ്ധമാണ്. തലസ്ഥാനത്ത് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി കൺട്രോൾ റൂമിലേക്ക് 1077 എന്ന നമ്പറിൽ വിളിക്കാം. വ്യാപക നാശനഷ്ടം, ഒരു മരണം കനത്തമഴയിലും കാറ്റിലും കടലേറ്റത്തിലുമായി സംസ്ഥാനത്ത് വ്യാപകനാശം. തീരപ്രദേശത്തെ ഒട്ടേറെ വീടുകൾ തകരുകയും വെള്ളത്തിലാവുകയും ചെയ്തു. എറണാകുളം ചെല്ലാനത്ത് കടലേറ്റം തടയാൻ മൺതിട്ടയുണ്ടാക്കുന്നതിനിടെ വടക്കേ ചെല്ലാനം വലിയപറമ്പിൽ വി.വി. ആന്റണി (63) മുങ്ങിമരിച്ചു. ചേർപ്പിൽ കനത്തമഴയിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്കേറ്റു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രശ്നങ്ങൾ കൂടുതൽ. എറണാകുളത്തെ ഭൂതത്താൻകെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. നെയ്യാർഡാമിന്റെ ഷട്ടർ പത്ത് സെന്റീമിറ്ററും അരുവിക്കര ഡാമിന്റേത് 90 സെന്റീമിറ്ററും ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!