KSDLIVENEWS

Real news for everyone

ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി

SHARE THIS ON

ബെയ്ജിങ്: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പര്യവേഷണ ദൗത്യം വിജയകരം. ശനിയാഴ്ച പുലർച്ചെയോടെ സുറോങ് റോവർ സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങി. മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ നിന്ന് സുറോങ് റോവറിനെ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കിയത്.
നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യവും വിജയകരമായി പൂർത്തിയാക്കിയത്.
ഭിതിയുടെ ഏഴ് മിനിറ്റ് എന്ന് വിശേഷിപ്പിക്കുന്ന ലാൻഡിങിന് തൊട്ടുമുമ്പുള്ള നിർണായക നിമിഷത്തെ അതിജീവിച്ച് പാരച്യൂട്ടിലാണ് സുറോങ് റോവർ ചൊവ്വ തൊട്ടത്. പേടകവുമായുള്ള വിനിമയബന്ധം നിലച്ചുപോയേക്കാവുന്ന നിർണായക നിമിഷമാണിത്. നേരത്തെ പല രാജ്യങ്ങളുടെയും ചൊവ്വാ ദൗത്യം വെല്ലുവിളി നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തിൽ അവസാന നിമിഷം പരാജയപ്പെട്ടിരുന്നു.
ചൈനീസ് പുരാണങ്ങളിലെ വിശ്വാസം അനുസരിച്ച് അഗ്നിദേവന്റെ പേരിൽ നിന്നാണ് റോവറിന് സുറോങ് എന്ന പേര് നൽകിയത്. കഴിഞ്ഞ വർഷം ജൂലായ് 23നാണ് ടിയാൻവെൻ 1 ബഹിരാകാശ പേടകം ചൊവ്വാ ദൗത്യം ആരംഭിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ലോങ് മാർച്ച് 2 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ചൊവ്വയിലെ ഉട്ടോപ്യ മേഖലയിൽ സുറോങ് റോവർ ഇറങ്ങിയത്.
മൂന്ന് മാസത്തോളം റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ചുറ്റും. സോളാറിൽ പ്രവർത്തിക്കുന്ന സുറോങ് റോവറിന് 240 കിലോഗ്രാമാണ് ഭാരം. ആറ് ചക്രങ്ങളിൽ സഞ്ചരിക്കുന്ന സുറോങ് ചൊവ്വയിലെ പാറയുടെ സാമ്പിളുകൽ ശേഖരിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്കായി ചിത്രങ്ങളും ജിയോഗ്രാഫിക്കൽ വിവരങ്ങളും റോവർ ശേഖരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!