KSDLIVENEWS

Real news for everyone

പൊളിച്ചടുക്കാന്‍ സ്വകാര്യ കമ്പനികളും; സ്‌ക്രാപ്പിങ്ങ് സെന്ററിന് സ്വകാര്യ പങ്കാളിത്തം അനുവദിച്ചു

SHARE THIS ON

പയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ വാഹനങ്ങൾ പൊളിക്കാൻ സ്വകാര്യപങ്കാളിത്തം അനുവദിച്ച് കേന്ദ്രസർക്കാരിന്റെ മാർഗരേഖ ഇറങ്ങി. സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് പൊളിക്കൽ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനുണ്ടാകുന്ന കാലതാമസം പരിഗണിച്ചാണിത്. സ്വകാര്യ കമ്പനികൾ, സഹകരണസംഘങ്ങൾ, വ്യക്തികൾ എന്നിവർക്ക് ‘രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി’ എന്ന പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാം. ഇവയുടെ ലൈസൻസ് ഫീസ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് വരുമാനവും ഉറപ്പാക്കുന്നുണ്ട്.

പരിസ്ഥിതി ദോഷമുണ്ടാകാത്തവിധം ഘടകങ്ങൾ വേർതിരിച്ച് സംസ്കരിക്കാനാവശ്യമായ സജ്ജീകരണങ്ങൾ കേന്ദ്രങ്ങൾക്കു വേണം. പരിസ്ഥിതിമലിനീകരണവ്യവസ്ഥകൾ പാലിച്ചായിരിക്കണം കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടത്. മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ അനുമതിയും നേടണം.

കഴിഞ്ഞ കേന്ദ്രബജറ്റിലാണ് പഴയവാഹനങ്ങൾക്കുള്ള പൊളിക്കൽനയം കേന്ദ്രം പ്രഖ്യാപിച്ചത്. വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങൾ, പൊളിക്കൽകേന്ദ്രങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിക്കണം. പൊളിക്കൽ കേന്ദ്രങ്ങൾക്കുള്ള കരട് മാർഗനിർദേശങ്ങളാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങൾക്കും സ്വകാര്യപങ്കാളിത്തം അനുവദിച്ചേക്കും.

വാഹനം മോഷ്ടിച്ചതല്ലെന്നും കേസുകളിൽ ഉൾപ്പെട്ടതല്ലെന്നും ഉറപ്പുവരുത്തിയാകും പൊളിക്കുക. നാഷണൽ ക്രൈംരജിസ്റ്ററിൽനിന്നും ഇതിനായി അനുമതിതേടും. വാഹനരജിസ്ട്രേഷൻ സംവിധാനമായ വാഹൻപോർട്ടലിലേക്ക് രജിസ്ട്രേഷൻ റദ്ദാക്കാനുള്ള വിവരം കൈമാറുകയും ഉടമയ്ക്ക് സ്ക്രാപ്പ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

കോടതിയും പോലീസും കണ്ടുകെട്ടുന്ന വാഹനങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, വായ്പാ കുടിശ്ശിക, ധനകാര്യസ്ഥാപനങ്ങൾ ഏറ്റെടുത്ത വാഹനങ്ങൾ എന്നിവയും പൊളിക്കാം. വ്യക്തികൾ നേരിട്ട് എത്തിക്കുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഉടമയുടെ സമ്മതപത്രം, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!