KSDLIVENEWS

Real news for everyone

പാക് വനിതയുമായുള്ള അമരീന്ദറിന്റെ സൗഹൃദം: അന്വേഷിക്കാന്‍ പഞ്ചാബ്; തിരിച്ചടിച്ച് ക്യാപ്റ്റന്‍

SHARE THIS ON

ചണ്ഡീഗഡ്: മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കി. പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദമാണ് അന്വേഷിക്കുന്നത്. അറൂസയ്ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധവും അന്വേഷിക്കും. ഐ.എസ്.ഐയിൽ നിന്ന് ഭീഷണിയുള്ളതായി അമരീന്ദർ പറയുന്നു, സർക്കാർ അത് ഗൗരവമായി കണ്ട് അന്വേഷണം നടത്തും.- പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ പറഞ്ഞു.

കഴിഞ്ഞ നാല് അഞ്ച് വർഷമായി പാക് ഡ്രോണുകളെ കുറിച്ച് ക്യാപ്റ്റൻ നിരന്തരം പറഞ്ഞിരുന്നു. ഇതിന് ശേഷം ബി.എസ്.എഫിനെ പഞ്ചാബിൽ വിന്യസിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇത് വിശദമായ അന്വേഷണത്തിന് വിധേയമാകേണ്ട കാര്യമാണ്, സുഖ്ജീന്ദർ പറഞ്ഞു. പഞ്ചാബിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് സുഖ്ജീന്ദറാണ്. എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിട്ട ശേഷം അമരീന്ദറിനെതിരെ ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചത് അദ്ദേഹത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം അറൂസ ആലവുമായുള്ള തന്റെ സൗഹൃദം അന്വേഷിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ നീക്കങ്ങളെ അമരീന്ദർ വിമർശിച്ചു. പഞ്ചാബിലെ നിയമവ്യവസ്ത പരിപാലിക്കുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ക്യാപ്റ്റൻ കുറ്റപ്പെടുത്തി. അറൂസ ആലം കഴിഞ്ഞ 16 വർഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് സർക്കാർ അനുവാദത്തോടെയാണെന്നും അമരീന്ദർ പ്രതികരിച്ചു.

തന്റെ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ഒരിക്കൽ പോലും സുഖ്ജീന്ദർ ഇത്തരമൊരു പരാതി ഉന്നയിച്ചതായി കണ്ടിട്ടില്ല. കഴിഞ്ഞ 16 വർഷമായി അറൂസ ഇന്ത്യയിൽ വരുന്നത് കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ്. ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ കേന്ദ്രം ഭരിച്ച എൻഡിഎ, യുപിഎ സർക്കാരുകൾ അറൂസയെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിച്ചുവെന്നാണോ പറയുന്നതെന്നും അമരീന്ദർ ചോദിച്ചു. അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവായ രവീൺ തുക്രാൽ ആണ് അദ്ദേഹത്തിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.

അമരീന്ദർ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഒക്ടോബർ 19ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കർഷകരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങൾ മുൻനിർത്തിയായിരിക്കും തന്റെ പാർട്ടി പ്രവർത്തിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കർഷക സമരം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുകയും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്താൽ ബി.ജെ.പിക്ക് ഒപ്പം സഖ്യം ചേരുന്നതിനുള്ള സാധ്യതകളെ കുറിച്ചും അമരീന്ദർ മനസ്സ് തുറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!