ലാവിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രിൽ ആറിലേക്ക് മാറ്റി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിയായ ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില് ആറിലേക്ക് മാറ്റിവെച്ചു. കേസ് അടുത്തയാഴ്ചയിലേക്ക് മാറ്റണമെന്ന സി.ബി.ഐ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. നേരത്തെയും കേസിൽ വാദം കേൾക്കൽ നീട്ടിവെക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ചൊവ്വാഴ്ച വാദം തുടങ്ങാൻ തയാറാണെന്ന് കോടതിയെ അറിയിച്ചിരുന്നെങ്കിലും വീണ്ടും നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് ഇന്ദിര ബാനർജിയുമാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയൻറ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റമുക്തരാക്കിയ വിചാരണകോടതി വിധി ഹൈകോടതി ശരിെവച്ചതിനെതിരെ സി.ബി.ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഹൈകോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലേ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് ആധാരം. ലാവലിൻ കമ്പനിക്ക് കരാർ നൽകാൻ പ്രത്യേക താൽപ്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
കേസിൽ പിണറായി വിജയൻ അടക്കം 11 പ്രതികളാണ് ഉള്ളത്. ഒമ്പതാം പ്രതിയാണ് മുഖ്യമന്ത്രി. കെ. മോഹനചന്ദ്രൻ ആണ് ഒന്നാം പ്രതി.