KSDLIVENEWS

Real news for everyone

ആര്‍ക്കും പെട്ടെന്നു കാണാന്‍ പറ്റാത്ത മുഖമന്ത്രിയെ ഇംഎംസിസി കണ്ടത് രണ്ടുവട്ടം; പക്ഷെ ഓര്‍മയില്ല’ ചെന്നിത്തല

SHARE THIS ON

കൊച്ചി∙ മന്ത്രിസഭയിൽ എല്ലാവർക്കും മറവിരോഗം വന്നോ എന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർക്കും അത്ര പെട്ടെന്നു കാണാൻ കഴിയാത്ത മുഖ്യമന്ത്രിയെ ഇഎംസിസിയുടെ പ്രതിനിധികൾ രണ്ടു പ്രാവശ്യം കണ്ട് ചർച്ച നടത്തിയത് മുഖ്യമന്ത്രി നിഷേധിക്കുന്നില്ല. പകരം ഓർമ വരുന്നില്ലെന്നാണ് പറയുന്നത്. വ്യവസായ മന്ത്രി ഇ.പി. ജയരാജും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഇതു തന്നെയാണ് പറയുന്നത്.

മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ ചെന്നു കാണാൻ താൽപര്യമെടുത്തത് ഫിഷറീസ് മന്ത്രിയാണ്. ആ മന്ത്രിയാണ് കമ്പനി ഉടമകളുമായി ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ കാണുന്നത്. എന്നിട്ട് ഇപ്പോൾ കള്ളത്തരം പിടിച്ചപ്പോൾ ആശ്ചര്യകരമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറുകളെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോ. അന്തസുണ്ടെങ്കിൽ, ധൈര്യമുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആഴക്കടൽ കൊള്ളയ്ക്ക് ഇഎംസിസിയുമായി മുഖ്യമന്ത്രിയുടെ നേരിട്ടു ചുമതലയിലുള്ള കോർപ്പറേഷൻ ധാരണാപത്രം ഒപ്പിട്ടത് ആശ്ചര്യകരമാണത്രെ. കള്ളം പ്രതിപക്ഷം കയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് അത് ആശ്ചര്യകരമായത്. അസൻഡിൽ 5,000 കോടിയുടെ ധാരണാപത്രം ഒപ്പിട്ടപ്പോഴും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ രണ്ടു തവണ ചർച്ച നടത്തിയപ്പോഴും ആശ്ചര്യം തോന്നാത്ത മുഖ്യമന്ത്രിയാണ് ഇതു പറയുന്നത്. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി 400 ട്രോളറുകളും 500 മദർ ഷിപ്പുകളും നിർമിക്കാൻ കരാർ ഒപ്പിട്ടപ്പോൾ അത് താനറിഞ്ഞില്ല എന്ന നിലിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തുന്നത് ശരിക്ക് പ്രതിപക്ഷത്തെയാണ് ആശ്ചര്യപ്പെടുത്തുന്നത്. തന്റെ വകുപ്പിൽ നടക്കുന്ന ഒരു കാര്യങ്ങളും മുഖ്യമന്ത്രി അറിയുന്നില്ല എന്നത് ആശ്ചര്യകരമാണ്. 

രഹസ്യമായി നിരവധി കരാറുകൾ ഒപ്പിട്ടത് സർക്കാരിന്റെ വിവിധ ഏജൻസികളാണ്. ഒരുഭാഗത്ത് കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ എന്നു പറഞ്ഞ് ബിഗ് സല്യൂട്ട് കൊടുക്കുക, മറുഭാഗത്ത് അവരെ പട്ടിണിയിലേയ്ക്ക് തള്ളിയിടുന്ന പദ്ധതി നടപ്പാക്കുക. മൽസ്യത്തൊഴിലാളികളുടെ വയറ്റിലടിക്കുന്ന പദ്ധതി ഞെട്ടിപ്പിക്കുന്ന ഒന്നാണ്. പ്രതിപക്ഷം ഇതു പുറത്തു കൊണ്ടു വന്നില്ലായിരുന്നെങ്കിൽ മൽസ്യത്തൊഴിലാളികളുടെ ജീവിതം വഴിയാധാരമാകുന്ന ഉടമ്പടികൾക്ക് അംഗീകാരം കൊടുക്കുമായിരുന്നു. ചെയ്ത അപരാധം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാനുള്ള പാഴ്‍വേലയാണ് മുഖ്യമന്ത്രി നടത്തുന്നത്. ചേർത്തലയിലെ പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം അനുവദിച്ചു കൊടുത്തത് നാടകമാണെന്ന് എന്തുകൊണ്ട് പറയുന്നില്ല?

ചീഫ് സെക്രട്ടറിയായിരുന്ന ടോംജോസ്, ഫൈനാൻസ് സെക്രട്ടറി സഞ്ജയ് കൗൾ എന്നിവർ വാഷിങ്ടണിൽ വച്ച് കമ്പനിയുമായി ചർച്ച നടത്തി. വിരമിച്ച ശേഷം ടോംജോസ് ഒരു ചെറിയ കമ്പനിയുടെ ചെർമാനാകുമ്പോൾ സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. അസെൻഡിൽ കരാർ ഒപ്പിട്ടു എന്ന കാര്യത്തിലും മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ഉച്ചകോടിയിൽ ഇഎംസിസി ഇല്ലായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നതെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. നാണമില്ലാതെയാണ് മുഖ്യമന്ത്രി ഇതു പറയുന്നത്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത പരിപാടിയാണത്. ഈ കമ്പനി അസെൻഡിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെ എങ്ങനെ ധാരണാ പത്രം ഒപ്പിട്ടു എന്നു പറയണം. അസെൻഡിൽ വയ്ക്കാത പിന്നീട് എഴുതിച്ചേർത്തതാണോ പദ്ധതിയെന്നു പറയണം. ധാരണാ പത്രങ്ങൾക്കും പിൻവാതിലുണ്ടെന്നാണോ കരുതേണ്ടത്?.

നിയമസഭയിൽ വ്യവസായ മന്ത്രി ആഴക്കടൽ ധാരണാ പത്രം ഒപ്പിട്ടത് മറച്ചു വച്ചു. എംഎൽഎമാരുടെ അസെൻഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഇഎംസിസിയെക്കുറിച്ച് മിണ്ടിയില്ല. ഇതൊരു കള്ളപ്പരിപാടിയായതിനാലാണ് മറച്ചു വച്ചത്. എല്ലാം രഹസ്യമായി മുന്നോട്ടു കൊണ്ടു പോകാനായിരുന്നു മന്ത്രിസഭയുടെ പരിപാടി. ഇത് പുറത്തു വന്നില്ലായിരുന്നെങ്കിൽ രഹസ്യമായി മന്ത്രിസഭയിൽ വച്ചു പാസാക്കുമായിരുന്നു. ആഴക്കടൽ മൽസ്യ ബന്ധനം നടത്തി വലിയ കൊള്ളനടത്താൻ സർക്കാരും ഇഎംസിസിയും തമ്മിൽ ഗൂഡാലോചന നടത്തി എന്നത് പകൽപോലെ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. 

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായി കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ടത് ആശ്ചര്യകരമായ ധാരണാപത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിനിടയ്ക്കു സർക്കാരിനെയോ വകുപ്പു സെക്രട്ടറിയെയോ അറിയിക്കാതെ ഫെബ്രുവരി 2ന് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ.പ്രശാന്ത് നടത്തിയത് ഒപ്പിടൽ നാടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!