ഫറോക്കിൽ യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്നു; ഭർത്താവ് പൊലീസിൽ കീഴടങ്ങി

“കോഴിക്കോട്∙ ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ് (40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) പൊലീസിൽ കീഴടങ്ങി. കത്രികകൊണ്ട് കുത്തിക്കൊന്നതായാണ് വിവരം. കൊലപാതകത്തിനു ശേഷം ലിജേഷ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇരുവർക്കും മക്കളുണ്ട്. ഫറോക്കിനു സമീപം കോടമ്പുഴയിലാണ് കൊലപാതകം നടന്നത്. സംശയരോഗം കാരണം ഭർത്താവ് ഉപദ്രവിക്കുന്നതായി അയൽവാസികളോട് മല്ലിക നേരത്തെ പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.”