KSDLIVENEWS

Real news for everyone

കര്‍ണാടകയില്‍ ട്രെക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല, മൂന്നു ദിവസമായി തെരച്ചില്‍ തുടരുന്നു

SHARE THIS ON

കോഴിക്കോട്: കര്‍ണാടകയിലെ കുടകില്‍ ട്രെക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടക് തടിയന്‍റെ മോള്‍ മലയില്‍ എത്തിയത്.

കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയില്‍ ട്രെക്കിങിന് അനുമതിയുള്ളത്. ട്രെക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച്‌ വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിങിനായി കുടകിലെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് മലയില്‍ തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചില്‍ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചില്‍ തുടരുകയാണ്. കുടകിലെ റിസോര്‍ട്ടിലെത്തിയശേഷം മറ്റു സഞ്ചാരികള്‍ക്കൊപ്പമാണ് ട്രെക്കിങിന് പോയത്. ട്രെക്കിങിന് പോകുന്നവരില്‍ ഏറ്റവും പിന്നിലായാണ് ശരണ്യ പോയിരുന്നത്. ഇതിനിടയിലാണ് ശരണ്യയ്ക്ക് വഴി തെറ്റിയതെന്നാണ് വിവരം.

തെരച്ചില്‍ ഊർജിതമാക്കാൻ നിർദ്ദേശം

മൂന്ന് ദിവസം മുമ്പ് കുടകിലെ മലനിരകളില്‍ വെച്ച്‌ കാണാതായ കോഴിക്കോട് നാദാപുരം കോഴിക്കോട് സ്വദേശി ശരണ്യയുടെ കുടുംബം കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വിരാജ്‌പേട്ട എം.എല്‍.എയുമായ എ.എസ്. പൊന്നണ്ണയെ സന്ദർശിച്ച്‌ മകളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ഗോപിയും കുടുംബാംഗങ്ങളുമാണ് എംഎല്‍എയെ കണ്ടത്. തെരച്ചില്‍ ഊര്‍ജിതമാക്കാൻ നിര്‍ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ തെരച്ചില്‍ വ്യാപിപ്പിക്കാനും അധികാരികള്‍ക്ക് നിർദ്ദേശം നല്‍കി.

നിലവില്‍ നക്സല്‍ വിരുദ്ധ സേനയും ഇന്ന് മുതല്‍ തെരച്ചിലില്‍ പങ്കുചേർന്നിട്ടുണ്ട്. പൊലീസ്, വനംവകുപ്പ് എന്നിവരുടെ നാലു പ്രത്യേക സംഘങ്ങള്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച്‌ പരിശോധന നടത്തുന്നുണ്ട്. മൊബൈല്‍ സിം കാർഡ് ലൊക്കേഷൻ ട്രാക്ക് ചെയ്തും അന്വേഷണം പുരോഗമിക്കുകയാണെന്നും എംഎല്‍എ അറിയിച്ചു.ഗൂഗിളിലൂടെ കുടുകിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ച്‌ അറിഞ്ഞാണ് ശരണ്യ ഇവിടെ എത്തിയത്. ട്രെക്കിങിനിടെയാണ് മകളെ കാണാതായതെന്ന് പിതാവ് ഗോപി പറഞ്ഞു. വീരാജ്പേട്ട് എം.എല്‍.എ പൊന്നണ്ണ എല്ലാവിധ സഹകരണവും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മകള്‍ ഉടൻ തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥരില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!