സംഭല്‍ ഇരകളുടെ കുടുംബത്തെ കണ്ട് രാഹുല്‍ ഗാന്ധി, കൂടിക്കാഴ്ച ദില്ലിയില്‍, ഒപ്പം പ്രിയങ്കയും
ദില്ലി: ഉത്തർ പ്രദേശിലെ സംഭലില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സംഘർഷത്തില്‍ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ വസതിയായ 10 ജൻപഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
നവംബർ അവസാന വാരത്തില്‍ സംഭല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദില്‍ സർവേക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. സംബല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നല്‍കിയ ഹർജിയില്‍ സംബല്‍ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സർവേയ്ക്ക് നിയോഗിച്ചത്. സർവേയ്ക്കെത്തിയ സംഘത്തിന് നേരെ സർവേയെ എതിർക്കുന്ന ആളുകള്‍ വിവിധ വശങ്ങളില്‍ നിന്നും കല്ലെറിഞ്ഞുവെന്നാണ് പൊലീസ് വാദം. പ്രതിഷേധക്കാർ നിരവധി വാഹനങ്ങള്‍ക്കും തീയിട്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസിന് വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് വാദിക്കുന്നു. സംഭവത്തില്‍ 400 ലേറെ പേർക്കെതിരെയാണ് കേസെടുത്തത്.