ഐക്യം തീരുമാനിച്ച് അടിതുടങ്ങി കോൺഗ്രസ്; എ.ഐ.സി.സി. വിലക്ക് ലംഘിച്ച് സുധീരന്, സുധീരനെതിരേ സുധാകരന്

തിരുവനന്തപുരം: കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തിലെ ഭിന്നസ്വരം മറനീക്കി പരസ്യപ്പോരിലേക്ക് മാറുന്നു. കെ.പി.സി.സി.-എ.ഐ.സി.സി. നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി വി.എം. സുധീകരന് രംഗത്തുവന്നതോടെയാണിത്. സുധീരന്റെ പ്രസ്താവനക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തി.
തിരഞ്ഞെടുപ്പിന് ഐക്യത്തോടെ ഒരുങ്ങാനുള്ള കൂടിയാലോചനയ്ക്ക് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് പരസ്യപ്പോരിന് തുടക്കമിട്ടതെന്നതും ശ്രദ്ധേയമാണ്.
നേതൃത്വത്തോട് കലഹിച്ച് രണ്ടുവര്‍ഷത്തിലേറെയായി മാറിനിന്ന വി.എം. സുധീരന് രണ്ടുംകല്പിച്ചാണ് യോഗത്തിന് വന്നത്. എന്നാല്‍, മുന്‍കാലങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍ശക്തിയായിരുന്ന സുധീരന്റെ വാക്കുകള്‍ക്ക് അത്ര സ്വീകാര്യമായ മറുപടിയായിരുന്നില്ല എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്ഷിയടക്കം നല്‍കിയത്. ഇതോടെയാണ്, പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന വിമര്‍ശനം പൊതുസമൂഹത്തിലേക്ക് എത്തിയത്.
കോണ്‍ഗ്രസ് മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്നു, മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നു, ബി.ജെ.പി.ക്ക് തുല്യമായ സാമ്പത്തിക നയത്തിന്റെ വക്താക്കളാകുന്നു എന്നിങ്ങനെയാണ് ദേശീയ നേതൃത്വത്തിനെതിരേ അദ്ദേഹം ഉന്നയിച്ച കുറ്റങ്ങള്‍.
മുമ്പത്തെക്കാള്‍ രൂക്ഷമായ രീതിയില്‍ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി കോണ്‍ഗ്രസ് മാറിയെന്നാണ് സംസ്ഥാനനേതൃത്വത്തിനുള്ള കുറ്റപ്പെടുത്തല്‍.
ഇതില്‍ ആദ്യഭാഗം സി.പി.എം. ഉള്‍പ്പെടെയുള്ള കക്ഷികള്‍ കോണ്‍ഗ്രസിനെതിരേ ഉയര്‍ത്തുന്ന ആക്ഷേപങ്ങളാണ്. അതിന് സുധീരന് വളംവെച്ചുനല്കിയെന്നതാണ് അദ്ദേഹത്തോട് അടുപ്പംകാണിച്ചവര്പോലും ഇപ്പോള്‍ പറയുന്നത്.
സുധീരന് ഇപ്പോള്‍ പറയുന്നത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്ന രീതിയില്‍ കടുത്തഭാഷയില്‍ സുധാകരന് പ്രതികരിച്ചതും ഇതിലെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
രാമക്ഷേത്രച്ചടങ്ങിലേക്ക് ലഭിച്ച ക്ഷണം കോണ്ഗ്രസിനിനെ രാഷ്ട്രീയപ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലായതിനാലാണ് പരസ്യപ്രതികരണത്തിന് എ.ഐ.സി.സി. വിലക്ക് ഏര്‍പ്പെടുത്തിയത്. അങ്ങനെ വിലക്കി കൈകാര്യം ചെയ്യാവുന്ന ഒന്നല്ല ഇതെന്നായിരുന്നു സുധീരന്റെ പ്രതികരണം. പാര്‍ട്ടിയോഗങ്ങളിലെ ബഹിഷ്കരണം മതിയാക്കി വീണ്ടും ഇറങ്ങുമെന്നുകൂടി സുധീരന് പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് തലപ്പത്ത് ഔചിത്യമില്ലാത്ത നേതൃത്വം വി.എം. സുധീരന്
തിരുവനന്തപുരം: ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസിനെ മാറ്റുമെന്ന് പ്രതീക്ഷിച്ച കെ. സുധാകരനും വി.ഡി. സതീശനും ഗ്രൂപ്പുകളെ സജീവമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്.
ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് പ്രവര്‍ത്തകര്‍. ഇപ്പോള്‍ രണ്ടിനുപകരം അഞ്ചുഗ്രൂപ്പും ഉപഗ്രൂപ്പുകളുമായി. ഇതിനെ എ.ഐ.സി.സി. നേതൃത്വംപോലും ഗൗരവത്തിലെടുത്തില്ല. ഔചിത്യമില്ലാത്ത രീതിയിലാണ് കെ.പി.സി.സി. പ്രസിഡന്റും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറിയും പെരുമാറിയതെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ പാര്ട്ടിവിട്ടുവെന്നാണ് സുധാകരന് പറഞ്ഞത്. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല. അതുകൊണ്ട് ഇതും തിരുത്തേണ്ടിവരും. കെ.പി.സി.സി. യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്ക്കുപുറത്താണ് അദ്ദേഹം മറുപടിപറഞ്ഞത്. അത് ഔചിത്യമില്ലായ്മയാണ്. സുധാകരന്ചെയ്ത അതേ ഔചിത്യരാഹിത്യം ദീപ ദാസ് മുന്‍ഷിയുടെ ഭാഗത്തുനിന്നുമുണ്ടായെന്നും സുധീരന് പറഞ്ഞു.
സോണിയാഗാന്ധിക്കടക്കം പരാതിനല്‍കിയിട്ടും പരിഹാരമില്ലാത്തതിനെത്തുടര്ന്നാണ് കെ.പി.സി.സി.എ.ഐ.സി.സി. യോഗങ്ങളില്‍നിന്ന് മാറിനിന്നത്. പക്ഷേ, ജില്ലാകമ്മിറ്റികളുടെയും യു.ഡി.എഫിന്റെയും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. എന്നിട്ടും അദ്ദേഹം പണിനിര്‍ത്തിപ്പോയി എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയാറുള്ളത്. താന്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇവരാരും സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവരല്ലെന്ന് ബോധ്യമായി. അങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസിന്റെ സാമ്പത്തികനയം, മതേതരത്വ കാഴ്ചപ്പാട് ഇതുരണ്ടിലും വെള്ളംചേര്‍ത്ത് റാവു തുടങ്ങിവെച്ച നയത്തിന്റെ ആത്യന്തികഫലം സമ്പത്ത് അദാനിയുടെയും അംബാനിയുടെയും കൈകളിലെത്തി എന്നതാണ്. പല സംസ്ഥാനങ്ങളിലും മൃദു ഹിന്ദുത്വവുമായി മുന്നോട്ടുപോയി. അവിടെയെല്ലാം കോണ്‍ഗ്രസ് പിന്നോട്ടുപോയി. ഹിന്ദുത്വവികാരമുള്ളവര്‍ ബി.ജെ.പി.യുടെ തീവ്രവികാരത്തിനൊപ്പം പോകും.
രാമക്ഷേത്രം രാഷ്ട്രീയ അജന്‍ഡയാക്കുന്ന നിലപാടിലേക്ക് ആളെക്കൂട്ടാന്‍, മറ്റുള്ളവരെ ക്ഷണിക്കുമ്പോള്‍ അതിന്റെ ഗൂഢതന്ത്രം തിരിച്ചറിഞ്ഞ് കൈയോടെ തള്ളണമായിരുന്നു. അതിലാരെങ്കിലും പങ്കെടുത്താല്‍ ആത്മഹത്യാപരമായിരിക്കുമെന്നും സുധീരന് പറഞ്ഞു.
സുധീരന്റെ പ്രസ്താവനയ്ക്ക് വിലകല്‍പ്പിക്കുന്നില്ല കെ. സുധാകരന്
നെടുമ്പാശ്ശേരി: സുധീരന്റേത് അസ്ഥാനത്തുള്ള പ്രസ്താവനയാണെന്നും താന്‍ അതിന് വിലകല്‍പ്പിക്കുന്നില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. സുധീരന് പ്രസ്താവനയിലൂടെ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്നും ആ പ്രസ്താവനയെ തള്ളിക്കളയുകയാണെന്നും സുധാകരന് പറഞ്ഞു. ചികിത്സാര്‍ഥം അമേരിക്കയിലേക്ക് തിരിക്കവേ കൊച്ചി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

