കാന്തപുരത്തിന്റെ കേരളയാത്രക്ക് സപ്തഭാഷ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം


കാസർകോട്: സമൂഹത്തെ നവോത്ഥാനത്തിന്റെ ഔന്നത്യങ്ങളിലേക്ക് നയിച്ച ചരിത്ര താരകങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള കേരള യാത്രക്ക് സപ്തഭാഷാ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം. മനുഷ്യത്വത്തെ സ്‌നേഹിക്കുന്ന മാനസങ്ങളിലേക്ക് സൗഹൃദത്തിന്റെ പൊൻവെട്ടവുമായി സുൽത്താനുൽ ഉലമ പ്രയാണം തുടങ്ങി.
മാലിക് ദീനാറിന്റെ തിരുസാന്നിധ്യത്താൽ ധന്യതയാർന്ന ഉത്തര കേരളത്തിൽ നിന്നാരംഭിച്ച് പടയോട്ട ഭൂമികളിലൂടെ, കർഷകവീര്യമുണർത്തുന്ന മണ്ണിലൂടെ, മലയോരങ്ങളും കടൽത്തീരങ്ങളും കായലും താണ്ടി യാത്ര 16ന് അനന്തപുരിയിൽ സമാപിക്കും. മലയാണ്മയുടെ മനസ്സിലേക്ക് സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രകാശം വിതറിയ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക കുടുംബത്തിന്റെ സാരഥ്യത്തിൽ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്കാണ് യാത്ര. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി എന്നിവരാണ് ജാഥാ ഉപനായകർ.

ഇന്ന് ളുഹർ നിസ്കാരാനന്തരം ഉള്ളാൾ സയ്യിദ് മദനി ദർഗ സിയാറത്തോടെയാണ് യാത്രക്ക് തുടക്കമായത്. തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരും കേരളയാത്രാ സമിതി ചെയർമാൻ കെ എസ് ആറ്റക്കോയ തങ്ങളും (കുമ്പോൽ ) ചേർന്ന് ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പതാക കൈമാറി. കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, കർണാടക സ്പീക്കർ യു ടി ഖാദർ, ദർഗ പ്രസിഡന്റ്ഹനീഫ് ഹാജി ഉള്ളാൾ, തുടങ്ങയവർ സംസാരിച്ചു. ഉള്ളാർ ദർഗയിൽ നിന്നും പ്രയാണം തുടങ്ങിയ യാത്രയെ സംസ്ഥാന അതീർത്തിയായ തലപ്പാടിയിൽ കാസർഗോട്ടെ സംഘടനാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കർണാടക സ്പീക്കർ യു ടി ഖാദർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എമാരായ എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എ കെ എം അശ്റഫ്, ചിന്മയ മിഷൻ കേരള ഘടകം അധ്യക്ഷൻ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദർ മാത്യു ബേബി മാർത്തോമ തുടങ്ങിയവർ സംബന്ധിച്ചു.



