കേന്ദ്രബജറ്റ് നിരാശാജനകം; ഇന്ത്യയുടെ സമഗ്രവികസനത്തിനായി ഒന്നുമില്ല: ഇ.പി. ജയരാജൻ

കൊച്ചി∙ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റിന്‍റെ പ്രഖ്യാപനമാണ് നടത്തിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ നാടിന്‍റെ സാമ്പത്തിക–സാമൂഹിക– വ്യാവസായിക–കാര്‍ഷിക രംഗത്ത് ഒരു മെച്ചവും നല്‍കുന്ന ബജറ്റല്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ബജറ്റിനെതിരെ ജനരോഷം ഉയരണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു. ‘‘ഇന്ത്യയുടെ സമഗ്ര വികസനത്തിനായി യാതൊരു പദ്ധതികളും ബജറ്റില്‍ ഇല്ല. വലിയ സംഭവം നടക്കാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ച് ഒന്നുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ബിജെപി തിരിച്ചു വരാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചത്. അവരുടെ നിരാശയില്‍നിന്നുണ്ടായ ബജറ്റാണ് ഇത്.’’– ഇ.പി. ജയരാജൻ പ്രതികരിച്ചു.

