KSDLIVENEWS

Real news for everyone

ക്രിമിനൽ കേസുള്ളവരെ മത്സരിപ്പിച്ചാൽ 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് കമ്മിഷൻ

SHARE THIS ON

തിരുവനന്തപുരം:ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കിയതിന്റെ സാഹചര്യം വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ക്രിമിനൽ സ്വഭാവമുള്ളവർ നിയമനിർമാണ സഭകളിലെത്താതിരിക്കാനുള്ള കമ്മിഷന്റെ പ്രധാന ചുവടുവെപ്പാണിത്. ഇക്കാര്യത്തിൽ ശുദ്ധീകരണത്തിനു തുടക്കമിടുകയാണ് കമ്മിഷൻ.

എന്തുകൊണ്ട് കേസിൽപ്പെടാത്ത മികച്ചവരെ കണ്ടെത്തി മത്സരിപ്പിക്കാനായില്ലെന്നു വ്യക്തമാക്കേണ്ടിവരുന്നത് രാഷ്ട്രീയപ്പാർട്ടികൾക്കു നാണക്കേടുണ്ടാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഏതു ക്രിമിനൽക്കേസിൽപ്പെട്ടവരായാലും പാർട്ടികൾ വിശദീകരിക്കേണ്ടിവരും. വീഴ്ചവരുത്തിയാൽ സുപ്രീംകോടതിയെ അറിയിക്കും. പുതിയ വ്യവസ്ഥപ്രകാരം ദേശീയ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് ക്രിമിനൽ കേസുകളുടെ വിവരം നൽകേണ്ടത്.

സ്ഥാനാർഥികൾ പത്രിക നൽകുമ്പോൾ ക്രിമിനൽ കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്നു നിലവിൽ വ്യവസ്ഥയുണ്ട്. ഇത് മൂന്നുതവണ അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. ഇതിനുപുറമേയാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം നേതാക്കളെ അറിയിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് വ്യവസ്ഥകൾ നടപ്പാക്കുന്നത്.

പ്രശ്നസാധ്യതാ ബൂത്തുകളിൽ കേരള പോലീസിനെ ഒഴിവാക്കി പൂർണചുമതല കേന്ദ്രസേനയ്ക്കു കൈമാറാനുള്ള തീരുമാനവും തിരഞ്ഞെടുപ്പ് കമ്മിഷനെടുത്തിട്ടുണ്ട്. ബൂത്തുകളിലെ കേന്ദ്രസേനയുടെ സാന്നിധ്യം ഭാവിയിൽ വിവാദങ്ങൾക്കു വഴിവെച്ചേക്കും. പ്രശ്നബാധിത ബൂത്തുകളിലെല്ലാം കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബി.ജെ.പി. കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!