സിദ്ധാർഥനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് പഠനവിലക്ക്; ഒരു പ്രതി കൂടി കീഴടങ്ങി, പരാതിയില്‍ ദുരൂഹത

കൽപ്പറ്റ: ആൾക്കൂട്ടവിചാരണയ്ക്കിരയായി വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ പ്രതികളായ 19 വിദ്യാർഥികൾക്ക് മൂന്നുവർഷത്തേക്ക് പഠനവിലക്ക്. പൂക്കോട് വെറ്റിനറി കോളേജ് ആന്റി റാഗിങ് കമ്മറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ എവിടെയും ഇവർക്ക് പഠനം തുടരാനാവില്ല. സിദ്ധാർഥനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിപട്ടികയിലുള്ള 18 പേർക്കും സംഭവത്തിൽ പങ്കുള്ള മറ്റൊരു വിദ്യാർഥിക്കുമാണ് വിലക്ക്. അതേസമയം, കേസിൽ പ്രതിയായ ഒരാൾകൂടി വെള്ളിയാഴ്ച കീഴടങ്ങി. മലപ്പുറം സ്വദേശിയായ ഇയാൾ കൽപ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം 11 ആയി. കസ്റ്റഡിയിലുണ്ടായിരുന്ന എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റും വെള്ളിയാഴ്ച രേഖപ്പെടുത്തി. കേസിൽ നേരത്തെ ഏഴുപേർ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള ഏഴുപേരെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിദ്ധാർഥന്റെ മരണത്തിനുപിന്നാലെ കോളേജിലെ ഒരു വിദ്യാർഥിനി സിദ്ധാർഥിനെതിരെ പരാതി നൽകിയിരുന്നു. ഇതും ഏറെ ദുരൂഹമായിരുന്നു. സിദ്ധാർഥൻ മരിച്ച ദിവസമായ 18-നാണ് പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകിയെന്ന് പറയുന്നത്. എന്നാൽ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി കഴിഞ്ഞദിവസം പറഞ്ഞത് ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലായെന്നാണ്. ഇത്തരത്തിലൊരു പരാതി കിട്ടിയിട്ടുണ്ടെങ്കിൽ കോളേജ് അധികൃതർ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലെയെന്നതാണ് ഉയരുന്ന ചോദ്യം. ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതായിരുന്നു. ദേഹമാസകലം ബെൽറ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും മൃതദേഹപരിശോധനയിൽ കണ്ടെത്തി

