KSDLIVENEWS

Real news for everyone

ഒരു തവണ ചാർജ് ബാംഗ്ലൂർ പോയി വരാം: ഇ.വി വിപണിയിൽ ഞെട്ടിക്കുന്ന കണ്ടുപിടുത്തവുമായി ടൊയോട്ട

SHARE THIS ON

പെട്രോൾ, ഡീസൽ കാറുകളെക്കാൾ യാത്രാ ചെലവിൽ വലിയ ലാഭവും പ്രീമിയം കാറുകളോട് കിടപിടിക്കുന്ന സുഖവും ഉണ്ടെങ്കിലും, ഇലക്ട്രിക് കാർ ഉടമകളുടെ തീരാത്ത തലവേദനയാണ് ബാറ്ററി റേഞ്ച്. മധ്യവർഗക്കാർക്ക് താങ്ങാവുന്ന ഭൂരിഭാഗം ഇന്ത്യൻ ഇ.വി കാറുകളും ഒറ്റ ചാർജിൽ 500 കിലോമീറ്ററിനു മുകളിൽ പോകുന്നവയല്ല. ചാർജിങ് കേന്ദ്രങ്ങളുടെ കുറവും ചാർജ് ചെയ്യാനുള്ള സമയക്കൂടുതലും സാധാരണക്കാരനെ ഇ.വിയിലേക്ക് തിരിയുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു.

എന്നാലിതാ, ഇ.വി ഉടമകൾക്കും റേഞ്ച് ആശങ്ക കാരണം ഇ.വി വാങ്ങാൻ മടിക്കുന്നവർക്കും സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ആഗോള വാഹന ഭീമനായ ടൊയോട്ട. ഒറ്റ ചാർജിൽ 1,200 കിലോമീറ്റർ വരെ പോകാവുന്ന ബാറ്ററി സാങ്കേതികവിദ്യയാണ് ടൊയോട്ടയുടെ സഹകരണത്തോടെ ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയത്. നിലവിലുള്ള ലിഥിയം-ഇയോൺ ബാറ്ററികളേക്കാൾ ഇരട്ടി ഊർജ സാന്ദ്രതയും മൂന്നിരട്ടി വരെ സംഭരണ ശേഷിയും വാഗ്ദാനം ചെയ്യുന്ന ‘ഓൾ-സോളിഡ്-സ്റ്റേറ്റ് ഫ്ലൂറൈഡ്-ഇയോൺ’ (FIB) ബാറ്ററിയാണ് പുതിയ താരം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിൽ ഇതുസംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചു.

കോപ്പർ നൈട്രൈഡ് (Cu₃N) ആണ് ഈ ബാറ്ററിയുടെ ഹൃദയം. ഇതിന്റെ കാതോഡ്, ലിഥിയം-ഇയോൺ ബാറ്ററികളുടെ അതേ വലിപ്പത്തിൽ മൂന്നിരട്ടി ശേഷി (ഒരു ഗ്രാമിന് 550 mAh/g!) സൂക്ഷിക്കുന്നു. സോളിഡ് എലക്ട്രോലൈറ്റാണ് ഉപയോഗിക്കുന്നത് എന്നതിൽ ലിഥിയം ഇയോൺ ബാറ്ററികളേക്കാൾ സുരക്ഷയും വേഗത്തിലുള്ള ചാർജിങ് സാധ്യതയുമുണ്ട്.

ഗവേഷകർ സാങ്കേതികവിദ്യ കണ്ടെത്തിയെങ്കിലും എഫ്.ഐ ബാറ്ററികൾ വിപണിയിലെത്താൻ കുറച്ചധികം സമയമെടുക്കും. ലാബിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കി, നിർമാണച്ചെലവും മെറ്റീരിയൽ ദൃഢതയും വിലയിരുത്തിയ ശേഷം മാത്രമേ വാണിജ്യ നിർമാണത്തെക്കുറിച്ചുള്ള തീരുമാനം എടുക്കുകയുള്ളൂ. കാര്യങ്ങളെല്ലാം അനുകൂലമാവുകയാണെങ്കിൽ 2030 മുതൽ 2035 വരെയുള്ള കാലയളവിലാകും എഫ്.ഐ ബാറ്ററികളിൽ ഇ.വികൾ ഓടിത്തുടങ്ങുക. കണ്ടുപിടുത്തത്തിൽ ടൊയോട്ടക്ക് പങ്കുണ്ട് എന്നതും യു.എസ്, യൂറോപ്പ്, ജപ്പാൻ വിപണിയികളിൽ ടൊയോട്ടയുടെ ഇലക്ട്രിക് കാറുകൾ ഓടുന്നുണ്ട് എന്നതും പ്രതീക്ഷയ്ക്കു ബലം പകരുന്ന കാര്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!