KSDLIVENEWS

Real news for everyone

ഡല്‍ഹിയെ പേടിപ്പിച്ച് ‘തല’യുടെ പെരുങ്കളി; ഒടുക്കം ജയം പക്ഷേ ഡല്‍ഹിക്ക്, കരുത്തായത് ഋഷഭ് പന്ത്

SHARE THIS ON

വിശാഖപട്ടണം: ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മഹേന്ദ്ര സിങ് ധോനി ഇന്ന് ബാറ്റിങ്ങിനിറങ്ങുമെന്നും സ്‌റ്റൈലിഷ് ഫിനിഷിലൂടെ വിജയം സ്വന്തമാക്കുമെന്നുമായിരുന്നു ചെന്നൈ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസ്സി പറഞ്ഞിരുന്നത്. ധോനി ഇറങ്ങി. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയത് ഉള്‍പ്പെടെ വന്‍ സ്റ്റൈലിഷ് നിമിഷങ്ങളും കണ്ടു. ഒരുവേള, ഗാലറിയെ ഒന്നടങ്കം നാല്‍പ്പത്തിരണ്ടുകാരന്‍ ത്രില്ലടിപ്പിച്ചു. പക്ഷേ, ഹസ്സി പ്രവചിച്ചതുപോലെ വിജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ ധോനിക്കായില്ല. ഒരുപക്ഷേ, രണ്ട് ഓവര്‍ മുന്നെയെങ്കിലും ധോനി ക്രീസിലെത്തിയിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. 16 പന്തില്‍ 37 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നു. മറുവശത്ത് ഋഷഭ് പന്തിന്റെയും ഡേവിഡ് വാര്‍ണറുടെയും മികച്ച ഇന്നിങ്‌സിന്റെ ബലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഐ.പി.എല്‍. സീസണിലെ ആദ്യ ജയം സ്വന്തമാക്കി. വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടിയായുള്ള ചെന്നൈയുടെ ബാറ്റിങ്, നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു. സീസണില്‍ ആദ്യമായിറങ്ങിയ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഉജ്ജ്വല തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. പവര്‍ പ്ലേയിലെ ആദ്യ നാലോവറില്‍ 24 റണ്‍സാണ് നേടിയതെങ്കില്‍ പിന്നീടുള്ള രണ്ടോവറുകളില്‍ 38 റണ്‍സ് നേടി. ഇതോടെ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സ് ഡല്‍ഹി അടിച്ചുകൂട്ടി. ദീപക് ചാഹറിനെയും മുസ്താഫിറിനെയുമാണ് കടന്നാക്രമിച്ചത്. 35 പന്തില്‍ 52 റണ്‍സ് നേടിയ വാര്‍ണര്‍ പത്താം ഓവറില്‍ പുറത്തായി. അപ്പോഴേക്ക് പ്രിത്വി ഷായ്‌ക്കൊപ്പം 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. തൊട്ടടുത്ത ഓവറില്‍ പൃഥ്വി ഷായും മടങ്ങി (27 പന്തില്‍ 43). സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഷായെ തഴഞ്ഞിരുന്നു. മൂന്നാമതായെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് 32 പന്തുകളില്‍ 51 റണ്‍സ് നേടി. കാറപകടത്തില്‍നിന്ന് തിരിച്ചുവന്നതിനുശേഷമുള്ള ഋഷഭിന്റെ ഏറ്റവും മനോഹരമായ ഇന്നിങ്‌സ്. മൂന്ന് സിക്‌സുകളും നാല് ഫോറുകളും ഋഷഭിന്റെ ബാറ്റില്‍നിന്ന് പിറന്നു. മതീഷ പതിരണയുടെ പന്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. മിച്ചല്‍ മാര്‍ഷ് (18), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. ഒന്‍പത് റണ്‍സുമായി അഭിഷേക് പൊരേലും ഏഴ് റണ്‍സുമായി അക്‌സര്‍ പട്ടേലും പുറത്താകാതെ നിന്നു. ചെന്നൈക്കുവേണ്ടി മതീഷ പതിരണ നാലോവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മുസ്താഫിസുര്‍റഹ്‌മാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, വളരെ പരിതാപകരമായാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദിനെ നഷ്ടപ്പെട്ടു (1). ഖലീല്‍ അഹ്‌മദിന്റെ പന്തില്‍ പന്തിന് ക്യാച്ച് നല്‍കിയാണ് മടക്കം. മൂന്നാം ഓവറില്‍ രചിന്‍ രവീന്ദ്രയെയും ഖലീല്‍ അഹ്‌മദ് പുറത്താക്കി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രം നേടിയപ്പോള്‍ തന്നെ ചെന്നൈ പരാജയം മണത്തതാണ്. മൂന്നാം വിക്കറ്റില്‍ പക്ഷേ, അജിങ്ക്യ രഹാനെയും ഡറില്‍ മിച്ചലും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി പ്രതീക്ഷയേകി. മിച്ചലിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി (26 പന്തില്‍ 34). 14-ാം ഓവര്‍ എറിയാനെത്തിയ മുകേഷ് കുമാര്‍, അടുത്തടുത്ത പന്തുകളില്‍ ശിവം ദുബെയും (17 പന്തില്‍ 18) സമീര്‍ റിസ്‌വിയെയും (പൂജ്യം) മടക്കിയതോടെ ഡല്‍ഹിയുട പ്രതീക്ഷ സജീവമായി. പിന്നീട് ധോനിയെത്തിയതോടെ കളി മാറി. എന്തും സംഭവിക്കാമെന്ന അവസ്ഥ വന്നു. ആദ്യ പന്തില്‍ത്തന്നെ ഫോറടിച്ച് ഗാലറിയെ ആവേശഭരിതമാക്കി. സിക്‌സും ഫോറുമായി ധാേനി കളം നിറഞ്ഞതോടെ ഖലീല്‍ അഹ്‌മദും മുകേഷ് കുമാറും ഉള്‍പ്പെടെയുള്ള ഡല്‍ഹിയുടെ ബൗളിങ് നിര, പേടിച്ച് വൈഡുകളെറിഞ്ഞുകൂട്ടി. പക്ഷേ, ഒടുക്കം ഡല്‍ഹി 20 റണ്‍സിന്റെ ജയം സ്വന്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!