KSDLIVENEWS

Real news for everyone

യു.എസ്. പാരാട്രൂപ്പുകൾ പശ്ചിമേഷ്യയിൽ, കരയുദ്ധമെന്ന സൂചന നൽകി 2500 മറീനുകളും

SHARE THIS ON

ടെഹ്‌റാൻ: ഒരുമാസം പിന്നിട്ടിട്ടും അയവില്ലാത്ത യുദ്ധത്തിൽ ഇറാന്റെ ആണവകേന്ദ്രത്തിനും മരുന്നുകമ്പനിക്കും നേരേ യു.എസ്.-ഇസ്രയേൽ സഖ്യം ചൊവ്വാഴ്ച ശക്തമായ ആക്രമണം നടത്തി.

അനസ്തറ്റിക്, അർബുദ മരുന്നുകൾ നിർമിക്കുന്ന ഇറാന്റെ ഏറ്റവും വലിയ മരുന്നുകമ്പനിയായ ‘ടോഫീക് ദാരു റിസർച്ച് ആൻഡ് എൻജിനയറിങ്ങാ’ണ് വ്യോമാക്രമണത്തിനിരയായത്. കമ്പനിയുടെ മരുന്ന് ഉത്പാദനയൂണിറ്റുകൾക്ക് കേടുപറ്റി.

ഇറാനിയൻ സർക്കാരിനുകീഴിലെ സാമൂഹിക സുരക്ഷാ നിക്ഷേപക കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ടോഫീക്. യു.എൻ. ഉപരോധത്തെത്തുടർന്ന് ഏറെക്കാലമായി മരുന്നുക്ഷാമം നിലനിൽക്കവേയാണ് ഇറാനിലെ ഫാർമാമേഖലയിലേക്കും ആക്രമണം വ്യാപിച്ചത്.

മധ്യ ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ആണവകേന്ദ്രത്തിനുനേരേ നടത്തിയ ആക്രമണത്തിന്റെ ദൃശ്യം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു. 2025 ജൂണിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബിട്ട ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിലൊന്നാണിത്. അന്നത്തെ യുദ്ധത്തിനു രണ്ടാഴ്ചമുൻപ് ഇസ്ഫഹാനിലെ തുരങ്കത്തിലേക്ക് 18 നീല കണ്ടെയ്നറുകൾ നിറച്ച ട്രക്ക് പോകുന്ന ഉപഗ്രഹചിത്രം പുറത്തുവന്നിരുന്നു. 60 ശതമാനം പരിശുദ്ധിയിൽ ഇറാൻ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം വരുന്ന യുറേനിയമാണിതെന്നാണ് യു.എസ്. കരുതുന്നത്.

കുവൈത്ത് എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ

ദുബായ് തീരത്ത് കുവൈത്തിന്റെ എണ്ണക്കപ്പലിന് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തിപീടിച്ചു. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ‘അൽ സാൽമി’ കപ്പലാണ് ആക്രമിക്കപ്പെട്ടത്. മേൽത്തട്ടിനു കേടുപറ്റി. നാവികർക്ക് പരിക്കോ കപ്പലിൽ എണ്ണച്ചോർച്ചയോ ഇല്ല.

ഇറാന്റെ ഡ്രോൺ നിർവീര്യമാക്കുന്നതിനിടെ അവശിഷ്ടം വീണ് ദുബായിൽ നാലുപേർക്ക് പരിക്കേറ്റു. ബഹ്‌റൈനിലും സൗദിയിലും ഇറാൻ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമെത്തി. പശ്ചിമേഷ്യയിലെ യു.എസ് സൈനികരുടെ അഞ്ച് ഒളിത്താവളങ്ങളും ഇസ്രയേലിലെ സേനാകേന്ദ്രങ്ങളും ലക്ഷ്യമിട്ടെന്ന് ഇറാന്റെ സൈനികവക്താവ് പറഞ്ഞു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കൻ ലെബനനിൽ നടത്തുന്ന കരയുദ്ധത്തിനിടെ ഇസ്രയേലിന്റെ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടു.

യു.എസ്. പാരാട്രൂപ്പുകൾ പശ്ചിമേഷ്യയിലെത്തി

പാരാഷൂട്ടുപയോഗിച്ച് കരയിലിറങ്ങി ആക്രമണം നടത്താൻ ശേഷിയുള്ള, യു.എസ്. കരസേനയുടെ 82-ാം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് പാരാട്രൂപ്പുകൾ കൂടി പശ്ചിമേഷ്യയിലെത്തിത്തുടങ്ങി. ഇറാന്റെ തന്ത്രപ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിക്കാനാണ് വിന്യാസമെന്നാണു വിലയിരുത്തൽ. സമാധാനക്കരാറിന് ഇറാൻ സമ്മതിച്ചില്ലെങ്കിൽ കരയുദ്ധമെന്ന സൂചന നൽകി മേഖലയിൽ 2500 മറീനുകളെ നേരത്തേ വിന്യസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!