KSDLIVENEWS

Real news for everyone

സ്വകാര്യ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പു ദിവസം വേതനത്തോടെ അവധി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പു ദിവസം വേതനത്തോടെ അവധി. സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് വോട്ടെടുപ്പു ദിവസമായ ഏപ്രിൽ ഒമ്പതിന് വേതനത്തോടു കൂടിയ അവധി അനുവദിച്ച് സംസ്ഥാന ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടത്.

അവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തിൽ കുറവു വരുത്തുകയോ വെട്ടിക്കുറക്കുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സാധാരണ ഇത്തരത്തിൽ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവർക്ക് അവധി അനുവദിച്ചിട്ടില്ലെങ്കിൽ അവർക്ക് വേതനം നൽകേണ്ടതാണ്. എന്നാൽ അവധി അനുവദിക്കുമ്പോൾ ആ വ്യക്തി ചെയ്യുന്ന തൊഴിലിന് തുടർച്ചയായതോ ആപത്ക്കരമോ സാരവത്തായതോ ആയ നഷ്ടത്തിന് ഇടവരും എന്നുണ്ടെങ്കിൽ അയാൾക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ജോലി ചെയ്യുന്ന മണ്ഡലത്തിൽ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന/ കാഷ്വൽ/കോൺട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികൾക്കും തെരഞ്ഞെടുപ്പു ദിവസം വേതനത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്. ഐ.ടി, വ്യവസായ, പ്ലാന്‍റേഷൻ, നിർമാണ മേഖലകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ലേബർ കമീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!