KSDLIVENEWS

Real news for everyone

ദയാധനം സ്വീകരിക്കാമെന്നും മാപ്പു നൽകാമെന്നും സൗദി കുടുംബം; റഹീമിന്റെ മോചനം ഉടൻ

SHARE THIS ON

റിയാദ്/ഫറോക്ക്: വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ചു റഹീമിനു മാപ്പു നൽകാൻ തയാറാണെന്നു മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ അറിയിച്ചു.

ദയാധനമായി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. റഹീമിനു മാപ്പു നൽകണമെന്നാവശ്യപ്പെട്ടു കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തുടർന്നാണു ദയാധനം സ്വീകരിച്ച് മാപ്പു നൽകാൻ തയാറാണെന്നു സൗദി കുടുംബം അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്. 

തുക കൈമാറുന്നതു സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ആദ്യം ബാങ്കിൽ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. അതു പിന്നീട് ഇന്ത്യൻ എംബസി മുഖേനയാകും റിയാദ് കോടതി അറിയിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുക. തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിനിധിയും സൗദിയിലെ അബ്ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികളും സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികൾ വേഗത്തിലാക്കാൻ നിയമസഹായ സമിതി  ഊർജിത ഇടപെടൽ തുടരുന്നുണ്ട്. ജോലി ചെയ്തിരുന്ന വീട്ടിലെ ഭിന്നശേഷിക്കാരനായ ബാലന്റെ മരണത്തിന് അബദ്ധവശാൽ കാരണമായതിനെ തുടർന്നാണു റഹീമിനു സൗദി കോടതി ശിക്ഷ വിധിച്ചത്. ലോകമെങ്ങുമുള്ള മലയാളികൾ കൈകോർത്തു നടത്തിയ ധനസമാഹരണത്തിലൂടെയാണു ദയാധനമായ 34 കോടി രൂപ സമാഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!