ആണവോർജം: സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ, നിർണായക ഭേദഗതി വരുന്നു

ന്യൂഡൽഹി: ആണവോർജ നിലയത്തിൽനിന്ന് അപകടമുണ്ടായാൽ നഷ്ടപരിഹാരബാധ്യത ഉത്പന്നവിതരണക്കാർക്കുകൂടി ബാധകമാക്കുന്ന വ്യവസ്ഥയിൽ മാറ്റംവരുത്താൻ കേന്ദ്രനീക്കം. ഇതിനായി 2010-ലെ ആണവബാധ്യതാ നിയമത്തിലെ (സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ട്) 17-ാം വകുപ്പിൽ ഭേദഗതി വരുത്തും. ഇതോടെ ഉത്‌പന്ന വിതരണക്കാർ ബാധ്യതയിൽനിന്ന് ഒഴിവാകും.
വിദേശകമ്പനികൾ ഇന്ത്യയിലേക്ക് ഉത്‌പന്നവിതരണത്തിന് മടിച്ചുനിൽക്കുന്നത് ഈ വ്യവസ്ഥകാരണമാണെന്ന നിഗമനത്തിലാണിത്. ഇതുൾപ്പെടെ ആണവോർജ ഉത്‌പാദനമേഖലയിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനായി സുപ്രധാന നിയമഭേദഗതികൾ പാർലമെന്റിന്റെ വരുന്ന വർഷകാല സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
ആണവോർജ ഉത്‌പാദനമേഖലയിൽ വിദേശ, സ്വകാര്യ കമ്പനികൾക്ക് പങ്കാളികളാകാൻ അവസരമൊരുക്കുംവിധത്തിൽ 1962-ലെ കേന്ദ്ര ആണവോർജ നിയമത്തിലും ഭേദഗതികൾ വരും. നിലവിൽ സർക്കാരുടമസ്ഥതയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ), നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) കമ്പനികൾക്കുമാത്രമേ ഉത്‌പാദനത്തിന് അനുമതിയുള്ളൂ. എൻപിസിഐഎൽ ആണ് ഇന്ത്യയിലെ പ്രധാന ആണവനിലയ ഓപ്പറേറ്റർ. 2010-ൽ കേന്ദ്രനിയമം പ്രാബല്യത്തിലായശേഷം പ്രമുഖ വിദേശകമ്പനികളൊന്നും ഇന്ത്യയിൽ ആണവോർജ പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം.
പ്രധാന ഭേദഗതി
2010-ലെ ആണവ ബാധ്യതാ നിയമത്തിലെ (സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ട്) 17-ാംവകുപ്പിൽ ഭേദഗതി വരുത്തും. നിലവിലെ നിയമം അനുസരിച്ച് ആണവ അപകടംമൂലമുള്ള നാശനഷ്ടത്തിന് നഷ്ടപരിഹാരം സംബന്ധിച്ച ബാധ്യത മറ്റുള്ളവരിൽനിന്ന് ഓപ്പറേറ്റർക്ക് തേടാം. ഇതിലെ ബി ഉപവകുപ്പ് പ്രകാരം ആണവനിലയ ഓപ്പറേറ്റർക്കുള്ള ബാധ്യത ഉത്‌പന്നവിതരണക്കാരിലേക്ക് കൈമാറാൻ ഓപ്പറേറ്റർക്ക് അവകാശമുണ്ട്.
അമേരിക്കയിലെ വെസ്റ്റിങ്ഹൗസ് ഇലക്‌ട്രിക്, ഫ്രഞ്ച് ആണവ കമ്പനിയായ ഫ്രമാറ്റോം എന്നിവരാണ് പ്രധാന ഉത്പന്ന വിതരണക്കാർ.
വരുന്നത് 11 ഭേദഗതികൾ
ആണവ ബാധ്യതാ നിയമത്തിൽ 11 ഭേദഗതികൾ കൊണ്ടുവരും. അതിൽ ഏറ്റവും പ്രധാനം 17-ാം വകുപ്പിൽ വരുത്തുന്ന ഭേദഗതി. അന്താരാഷ്ട്ര മാനദണ്ഡങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇന്ത്യൻ നിയമമെന്നതിനാൽ അത് മാറ്റി തുല്യത കൊണ്ടുവരുകയാണ് ലക്ഷ്യം.
മാനദണ്ഡങ്ങൾ
1997-ലെ കൺവെൻഷൻ ഓൺ സപ്ലിമെന്ററി കോംപൻസേഷൻ ഫോർ ന്യൂക്ലിയർ ഡാമേജ് (സിഎസ്‌സി) ആണ് അന്താരാഷ്ട്രതലത്തിൽ ആണവബാധ്യത സംബന്ധിച്ച് ഏകീകൃത മാനദണ്ഡം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം ഓപ്പറേറ്റർമാർക്കുമാത്രമാണ് ഉത്തരവാദിത്വം.
1963-ലെ വിയന്ന കൺവെൻഷനിലോ 1960-ലെ പാരീസ് കൺവെൻഷനിലോ പങ്കാളികളായ ഏത് രാജ്യത്തിനും ഇതനുസരിച്ച് ആണവബാധ്യതാവ്യവസ്ഥ അംഗീകരിക്കാം.
ഇതിൽ രണ്ടിലും പങ്കാളികളാവാത്ത രാജ്യങ്ങൾക്ക് അംഗമാകണമെങ്കിൽ സിഎസ്‌സി വ്യവസ്ഥകളോട് ചേർന്നുപോകുന്ന ദേശീയനിയമം ഉണ്ടായിരിക്കണം.
വിയന്ന, പാരീസ് ഉടമ്പടികളുടെ ഭാഗമായിട്ടില്ലാത്ത ഇന്ത്യയുടെ ആണവബാധ്യതാ നിയമം ഇത്തരത്തിലായിട്ടില്ല. അതിനാൽ അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമാകാൻ ആവശ്യമായ ഭേദഗതി വരുത്തുകയാണ് ലക്ഷ്യം
ഇന്ത്യ-യുഎസ് സിവിൽ ആണവക്കരാറിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉതകുന്ന പരിഷ്കാരമെന്ന നിലയിലാണ് നിയമഭേദഗതികൾ കൊണ്ടുവരുന്നത്.