ബേക്കൽ തീരദേശ മേഘലയായ പാലക്കുന്നിലും കോട്ടിക്കുളത്തും കോവിഡ് രോഗികൾ വർദ്ധിക്കുന്നു; ആശങ്കയോടെ തീരദേശവാസികൾ
ഉദുമ: പാലക്കുന്നിലും കോട്ടിക്കുളം തീരദേശമേഖലയിലും കോവിഡ് സമ്പര്‍ക്കവ്യാപനം ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ജൂലായ് 24ന് പാലക്കുന്നിലെ ഒരു യുവാവിനും തുടര്‍ന്ന് വീട്ടിലെ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പാലക്കുന്ന് കോവിഡ് ബാധിത പ്രദേശമാകുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. 27ന് ഇതേ വാര്‍ഡില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായത് നാട്ടുകാരില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.
29ന് പാലക്കുന്ന് ടൗണിലെ പതിനേഴാം വാര്‍ഡില്‍ പെട്ട ഒരു കടയിലെ ജീവനക്കാരനായ എട്ടാം വാര്‍ഡില്‍ താമസിക്കുന്നയാള്‍ക്കും ആ കടയുടെ ഉടമയായ 16ാം വാര്‍ഡിലെ താമസക്കാരനും രോഗം സ്ഥിരീകരിച്ചു. കിഴക്കേ ടൗണിലെ മത്സ്യവില്‍പ്പനക്കാരിക്കും കോട്ടിക്കുളത്തെ 55കാരനും കോവിഡ് ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒരു വ്യാപാരിക്കും രോഗം സ്ഥിരീകരിച്ചതോടെ കോട്ടിക്കുളം തീരദേശമേഖലയിലെ രോഗികളുടെ എണ്ണം നാലായി ഉയര്‍ന്നിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ മിക്ക ഭാഗങ്ങളിലും കോവിഡ് വ്യാപിച്ചപ്പോഴും ഉദുമ പഞ്ചായത്തിലെ പാലക്കുന്നും പരിസരങ്ങളും സുരക്ഷിതമേഖലയായിരുന്നു. ഒരാഴ്ച മുമ്പുവരെ സമീപപ്രദേശങ്ങളിലെ കടകള്‍ തുറക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി നിരവധി പേര്‍ പാലക്കുന്നിനെയാണ് ആശ്രയിച്ചിരുന്നത്. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
നിരീക്ഷണത്തിലായിരുന്ന 18ാം വാര്‍ഡിലെ ഒരു യുവതിക്കും പോസിറ്റീവായതോടെ പാലക്കുന്നിലും പരിസരങ്ങളിലും താമസിക്കുന്നവര്‍ അങ്കലാപ്പിലാണ്. കഴിഞ്ഞ ദിവസം കോട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
കോട്ടിക്കുളത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ സ്രവപരിശോധനക്കായി കൂടുതല്‍ ക്യാമ്പുകള്‍ നടത്തണമെന്ന് പഞ്ചായത്തംഗങ്ങളും ജാഗ്രതാസമിതികളും അധികൃതരോട് അഭ്യര്‍ത്ഥിച്ചു.