കോവിഡ് പ്രതിരോധം കേരളത്തെ മാതൃകയാക്കി കർണാടക. കേരളാ മാതൃക പിന്തുടരുമെന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍
കോവിഡ് മരണങ്ങൾ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ രോഗപ്രതിരോധത്തിനായി കേരള മാതൃക പിന്തുടരുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ( കളക്ടർ) ഡോ. കെ വി രാജേന്ദ്ര. കേരളത്തിലെ ജില്ലകളിൽ ചെയ്യുന്നതുപോലെ പഞ്ചായത്ത്, വാർഡ് തല ജാഗ്രതാസമിതികൾ രൂപവൽക്കരിച്ച് ജനകീയ പങ്കാളിത്തത്തോടുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കളക്ടർ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടൽ അത്യാവശ്യമാണ്. കേരളത്തിൽ ഇത് വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ജനകീയ പങ്കാളിത്തത്തോടെ ജാഗ്രതാ സമിതികളും പഞ്ചായത്ത് അടിസ്ഥാനത്തിൽ ചികിത്സാ സംവിധാനവും കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഈ മാതൃകയിൽ ജന ജാഗ്രതാ സമിതികൾ രൂപവത്കരിക്കുന്നതിനുള്ള നടപടികൾ ദക്ഷിണ കന്നടയിൽ ആരംഭിച്ചതായും കളക്ടർ വ്യക്തമാക്കി. വാർഡുതല ജാഗ്രതാ സമിതികൾ രൂപവത്കരിച്ച് ഇതിലെ വളണ്ടിയർമാർക്ക് കോവിഡ് രോഗികളുമായി ഇടപഴകാനുൾപ്പെടെയുള്ള പരിശീലനം നൽകും.കോവിഡ് പരിശോധനയുടെ കൃത്യത സംബന്ധിച്ചുള്ള ആശങ്കയും പരിഹരിക്കും. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് ജില്ലയിൽ നിന്ന് ദക്ഷിണ കന്നട യിലേക്കും തിരിച്ചും നിത്യേന പോയിവന്നു ജോലിചെയ്യുന്നവരുടെ യാത്രാ അനുമതി സംബന്ധിച്ച് കാസർകോട് ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു