കണ്ണില്ലാത്ത ക്രൂരത! നിർമാണത്തിലിരുന്ന വീടിനു തീയിട്ടു; ശുചിമുറിയുടെ ക്ലോസ്റ്റ് പൊട്ടിച്ചു, കുഴൽക്കിണറിന്റെ പൈപ്പും കേബിളും മുറിച്ചു

ബേക്കൽ ∙ നിർമാണത്തിലിരിക്കുന്ന വീടിനു തീയിട്ടു. ഉദുമ–പള്ളിക്കര അർബൻ സഹകരണ സംഘം ജീവനക്കാരനും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ തച്ചങ്ങാട് കുന്നുംപാറയിലെ കെ.സുജിത്ത് കുമാറിന്റെ വീടിനാണു തീയിട്ടത്. ഞായാറാഴ്ച വൈകിട്ട് ആറിനും ഇന്നലെ രാവിലെ 7.30നും ഇടയിലുള്ള സമയത്താണ് സംഭവം. തച്ചങ്ങാട്ട് പുതുതായി പണിയുന്ന വീടിന്റെ മുൻവശത്തെ വാതിലും കട്ടിളയും ഭാഗികമായി കത്തിനശിച്ചു. ശുചിമുറിയുടെ ക്ലോസ്റ്റ് പൊട്ടിച്ചും കുഴൽക്കിണറിന്റെ പൈപ്പും കേബിളും മറ്റും മുറിച്ചു നശിപ്പിച്ച നിലയാണ്.
2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സുജിത്ത്കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ടൈൽസ് പാകിയതിനു വെള്ളം ഒഴിക്കാനെത്തിയപ്പോഴാണ് വീടിനു തീവച്ചതായി കണ്ടത്. ബേക്കൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചാണു പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കോൺഗ്രസ് പള്ളിക്കര കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമം നടത്തിയവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു. കെപിസിസി അംഗം ഹക്കീം കുന്നിൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി.ഭക്തവൽസലൻ, സാജിദ് മൗവ്വൽ, എം.പി.എം ഷാഫി, ചന്ദ്രൻ തച്ചങ്ങാട്, വി.വി.കൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, കാർത്തികേയൻ, ബി.ബിനോയ്, പഞ്ചായത്ത് അംഗം എം.പി. ജയശ്രീ, മഹേഷ് തച്ചങ്ങാട് എന്നിവർ സ്ഥലം സന്ദർശിച്ചു.

