KSDLIVENEWS

Real news for everyone

ചാലിയാറില്‍ ഇന്നും മൃതദേഹങ്ങള്‍; കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും

SHARE THIS ON


മലപ്പുറം: വയനാട് മുണ്ടകൈ- ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്‍. ചാലിയാര്‍ പുഴയുടെ വഴികളായ പനങ്കയത്തുനിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്തുനിന്ന് രണ്ടുമൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഏതാനും ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞരണ്ടുദിവങ്ങളില്‍ 100-ഓളം മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.

ശരീരങ്ങൾ ചിതറിയത് വെള്ളച്ചാട്ടങ്ങളിൽ വീണതിനാലെന്നു നിഗമനം

-ബിജു സി.പി.

പോത്തുകല്ല്: ബുധനാഴ്ചയും പോത്തുകല്ല് പ്രദേശത്തുനിന്ന് സന്നദ്ധപ്രവർത്തകരും അഗ്നിരക്ഷാസേനയും പോലീസും മറ്റും ചേർന്ന് ഇരുപതോളം മൃതദേഹങ്ങളും അതിലേറെ ശരീരഭാഗങ്ങളും കണ്ടെടുത്തതായി പോത്തുകല്ല് പഞ്ചായത്തംഗങ്ങളായ നാസർ, മുസ്തഫ, സലൂബ്, ഗോത്രവിഭാഗത്തിലെ സന്നദ്ധപ്രവർത്തകരായ കുട്ടൻ, ശശി, വെള്ളൻ, മധു, നിഖിൽ തുടങ്ങിയവർ പറഞ്ഞു.

ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽപ്പെട്ട് ഒഴുകിയെത്തിയ നൂറോളം മൃതദേഹഭാഗങ്ങളാണ് രണ്ടുദിവസങ്ങളിലായി പോത്തുകല്ലിനടുത്തുള്ള ഏതാനും കിലോമീറ്റർ പ്രദേശത്തുനിന്നായി കണ്ടെടുത്തത്.

ചൂരൽമലപ്പുഴ എന്നും പുന്നപ്പുഴ എന്നും അറിയപ്പെടുന്ന ഈ പുഴ ഒഴുകുന്നവഴിയിൽ വനത്തിനുള്ളിൽ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. ഒരു കൈവഴിയിലാണ് പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം. മുണ്ടേരിയിലും പോത്തുകല്ലിലും നിലമ്പൂരിലുമായി വേറെയും ചെറിയ പുഴകൾ കൂടിച്ചേർന്നാണ് ചാലിയാറായി വലിയ പുഴയാകുന്നത്. വെള്ളച്ചാട്ടങ്ങളിൽ വീണും പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറിയുമാണ് മൃതദേഹങ്ങളേറെയും പൊട്ടിപ്പൊളിഞ്ഞുപോയതെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.

ഇരുട്ടുകുത്തിയിലെ മിറാക്കിൾ, വാണിയമ്പുഴയിലെ യുവവാണി തുടങ്ങിയ യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങൾ, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, തുടങ്ങി വിവിധ കോളനികളിലെ ഗോത്രവിഭാഗക്കാർ, പ്രദേശത്തെ യുവാക്കൾ തുടങ്ങിയവരാണ് രണ്ടുദിവസവും മൃതദേഹങ്ങൾ തിരയാൻ മുന്നിട്ടിറങ്ങിയത്. പോലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് തുടങ്ങി എല്ലാ സർക്കാർ സംവിധാനങ്ങളും നാട്ടുകാർക്കൊപ്പം അതീവജാഗ്രതയോടെ ഒരുമിച്ചുപ്രവർത്തിച്ചു.

രാവ്‌ പുലരുംമുൻപേ വിലാസം നഷ്ടപ്പെട്ടവർ…

– വിമല്‍ കോട്ടയ്ക്കല്‍

നിലമ്പൂർ: അൺനോൺ-66, ബോഡി-67, ആംബുലൻസ് നമ്പർ 25…. രണ്ടുദിവസം മുൻപുവരെ ആരുടെയൊക്കെയോ അച്ഛനും അമ്മയും മകനും മകളുമൊക്കെയായിരുന്നവർക്ക് ദുരന്തരാത്രി പിന്നിട്ടതോടെ ബാക്കിയായ വിലാസം ഇതൊക്കെയായിരുന്നു. മൃതദേഹങ്ങളിൽ പൂർണരൂപത്തിലുണ്ടായത് രണ്ടോ മൂന്നോ മാത്രം. ബാക്കിയെല്ലാം ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ. നിമിഷനേരംകൊണ്ടാണ് കുറേ മനുഷ്യർ മാംസക്കഷണങ്ങളായിപ്പോയത്. ഉരുൾപൊട്ടി ഉടഞ്ഞുപോയത്.

നിലമ്പൂർ ജില്ലാ ആശുപത്രിക്ക് ബുധനാഴ്ചയും മരണത്തിന്റെ മണമായിരുന്നു. രാവിലെമുതൽ പോത്തുകല്ലിൽനിന്നും ഭൂദാനത്തുനിന്നും ഇരുട്ടുകുത്തിക്കടവിൽനിന്നുമെല്ലാം കിട്ടിയ ശരീരഭാഗങ്ങളുമായി അലറിക്കരഞ്ഞ് ആംബുലൻസുകൾ എത്തിക്കൊണ്ടേയിരുന്നു. ഒരോന്നിലും പ്ലാസ്റ്റിക്‌കവറിൽ പൊതിഞ്ഞ് ചെളിപുരണ്ട ശരീരഭാഗങ്ങൾ. അവയെല്ലാം നേരേ മോർച്ചറിയിലേക്കു മാറ്റി. അവിടെനിന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞ് നമ്പറിട്ട് പേവാർഡിലേക്ക്. അവിടെ എത്തിയാൽ മറ്റൊരു നമ്പറിട്ട് ഫ്രീസറിലേക്ക്. പിന്നെ ഘട്ടംഘട്ടമായി ആംബുലൻസിലേക്ക്…

ഒരുഘട്ടത്തിൽ പേ വാർഡ് ‘മൃത്യു കൊയ്യും വിശാലമാം പാടം’ പോലെയായി. ചേതനയറ്റ ശരീരഭാഗങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് നിരത്തിവെച്ച കാഴ്ച മനസ്സ്‌ വിറങ്ങലിപ്പിക്കുന്നതായിരുന്നു.

രണ്ടുദിവസങ്ങളിലായി 52 മൃതദേഹങ്ങളും 75 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. ഇതിൽ തിരിച്ചറിഞ്ഞത് മൂന്നെണ്ണം മാത്രം. മൂന്നും വയനാട് സ്വദേശികളുടേതായിരുന്നു.ബുധനാഴ്ച മാത്രം കിട്ടിയത് 20 മൃതദേഹങ്ങളും 59 ശരീരഭാഗങ്ങളും.

ഇവയെല്ലാം രാത്രിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. 28 പുരുഷൻമാർ, 21 സ്ത്രീകൾ, രണ്ട് ആൺകുട്ടികൾ എന്നിങ്ങനെയാണ് മൃതദേഹങ്ങൾ. ഒരെണ്ണം തിരിച്ചറിഞ്ഞിട്ടില്ല.

ഉച്ചയ്ക്ക് 12.12-നാണ് ആദ്യത്തെ ഫ്രീസർ ആംബുലൻസിൽ കയറ്റിയത്. കൂടെ രണ്ടു വൊളൻറിയർമാരും. ആംബുലൻസിനും മൃതദേഹത്തിനും ഒരേ നമ്പർ.

പിന്നെ ആശുപത്രിക്കു പുറത്തേക്ക്. പ്രധാന റോഡിൽ വരിയായി നിർത്തിയിട്ടശേഷം പത്തെണ്ണംവീതം പോലീസ് എസ്‌കോർട്ടോടെ വയനാട്ടിലേക്ക്. നാൽപ്പതിലേറെ ആംബുലൻസുകളാണ് ഇതിനായി തയ്യാറാക്കിയത്.

രാത്രി വൈകിയാണ് മൃതദേഹങ്ങൾ ഏറെക്കുറെ നീക്കിയത്. അപ്പോഴും ശരീരഭാഗങ്ങളുമായി ആംബുലൻസുകൾ ജില്ലാ ആശുപത്രി ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!