ഓറഞ്ച് അലര്‍ട്ടില്‍ നടപടിയെടുക്കണം, റെഡ് അലര്‍ട്ടിനായി കാക്കേണ്ടതില്ല’; വിശദീകരണവുമായി ഐ.എം.ഡി മേധാവി

ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ച് കേരളവും കേന്ദ്രവും തമ്മില്‍ പഴിചാരുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി മൃത്യുഞ്ജയ് മോഹപത്ര. ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജൂലായ് 25 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രവചിച്ചിരുന്നു. ജൂലായ് 25-ന് നല്കിയ യെല്ലോ അലര്‍ട്ട് ജൂലായ് 29 വരെ തുടര്‍ന്നു. 29-ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലായ് 30-ന് അതിരാവിലെ 20 സെ.മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന റെഡ് അലര്‍ട്ട് നല്‍കിയതായും കാലാവസ്ഥ നിരീക്ഷ വകുപ്പ് മേധാവി പറഞ്ഞു.
ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയ്യാറാകുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നല്‍കിയിരുന്നതെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. ഓണ്‍ലൈനായി നടന്ന വാര്‍ത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കനത്തമഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാവാമെന്ന് കേരളത്തിന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അത് മുഖവിലയ്ക്കെടുത്ത് ദുര്‍ബലമേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കില്‍ നാശനഷ്ടം കുറയ്ക്കാമായിരുന്നെന്നും പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍, അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിക്കുകയുണ്ടായി.
പ്രശ്നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പെടലിക്കിട്ട് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറിയാല്‍ രക്ഷപ്പെടാനാവുമോയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു. അമിത്ഷാ പറയുന്നത് കാലാവസ്ഥാമുന്നറിയിപ്പാണ്. അതെല്ലാകാലത്തും ഗൗരവമായെടുക്കാറുണ്ട്. ദുരന്തത്തിനുമുന്‍പ് ഒരുതവണപോലും പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. ഓറഞ്ച് അലര്‍ട്ടേ ഉണ്ടായിരുന്നുള്ളൂ. അപകടദിവസം രാവിലെ ആറുമണിക്കാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി

