KSDLIVENEWS

Real news for everyone

ഭക്ഷണവിതരണ കേന്ദ്രത്തില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്ന് ഗസ്സയില്‍

SHARE THIS ON

തെല്‍ അവിവ്: ഭക്ഷണവിതരണ കേന്ദ്രത്തില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ, സ്ഥിതി വിലയിരുത്താൻ യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് ഇന്ന് ഗസ്സയിലെത്തും.

സഹായവിതരണം വിപുലപ്പെടുത്തി ആക്രമണം തുടരാനാണ് യുഎസ്-ഇസ്രായേല്‍ ധാരണയെന്നാണ് റിപ്പോർട്ട്.

ഇസ്രായേലും അമേരിക്കയും രൂപപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫിന്‍റെ ഗസ്സ സന്ദർശനം. സഹായം തേടിയെത്തിയ 1300 ഓളം പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യം വെടിവെച്ചു കൊന്നത്. ഇന്നലെയും 23 പേർ വെടിയേറ്റു മരിച്ചു. ഗസ്സയില്‍ വിപുലമായ ഭക്ഷ്യവിതരണ പദ്ധതിക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് സ്റ്റിവ് വിറ്റ്കോഫിന്‍റെ ഗസ്സ സന്ദർശനമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി സ്റ്റിവ് വിറ്റ്കോഫ് ഇന്നലെ വിശദമായ ചർച്ച നടത്തി. ഗസ്സയിലെ വെടിനിർത്തല്‍, ഭക്ഷ്യവിതരണം, യുദ്ധാനന്തര ഗസ്സയുടെ ഭാവി എന്നിവ ചർച്ചയായി. ആക്രമണം തുടരാനും സഹായ വിതരണം മെച്ചപ്പെടുത്താനുമാണ് താല്‍ക്കാലിക ധാരണയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വെടിനിർത്തല്‍ ചർച്ച അട്ടിമറിച്ചത് ഹമാസാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും അംഗീകരിച്ചാല്‍ ബന്ദികൈമാറ്റത്തിന് തയാറാണെന്ന് ഹമാസ് ആവർത്തിച്ചു.

അതിനിടെ, പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോർമുലക്ക് പിന്തുണയുമായി കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തു വന്നത് ഇസ്രായേലിനും അമേരിക്കക്കും തിരിച്ചടിയായി. ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഹമാസിന് മാത്രമാണ് ഗുണം ചെയ്യുകയെന്നും പശ്ചിമേഷ്യൻ പ്രശ്നം കൂടുതല്‍സങ്കീർണമാക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ കുറ്റപ്പെടുത്തി. ഗസ്സയില്‍ തുടരുന്ന വംശഹത്യാ നടപടികള്‍ മുൻനിർത്തി ഇസ്രായേലുമായി സഹകരിക്കുന്ന ഏതൊരു കപ്പലിനു നേരെയും ചെങ്കടലില്‍ ആക്രമണം ശക്തമാക്കുമെന്ന് യെമനിലെ ഹൂതികള്‍. ഇസ്രായേലുമായുള്ള എല്ലാ ആയുധ ഇടപാടുകളും നിർത്തി വെച്ചതായി സ്ലൊവേനിയ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!