KSDLIVENEWS

Real news for everyone

എഫ്-35 വേണ്ട, ട്രംപിന്റെ ഓഫര്‍ നിരസിച്ചു; തീരുവയുദ്ധത്തില്‍ തിരിച്ചടിച്ച്‌ ഇന്ത്യ

SHARE THIS ON

ന്യുഡല്‍ഹി: ഇന്ത്യയ്ക്കെതിരെ 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസില്‍നിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശന വേളയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 നല്‍കാൻ സന്നദ്ധമാണെന്ന് അറിയിച്ചത്.

പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിശദീകരണം. യു.എസുമായി തത്കാലം പുതിയ ആയുധ ഇടപാടുകളില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എഫ്-35 വിമാനം വാങ്ങാൻ താത്പര്യപ്പെടുന്നില്ലെന്ന നിലപാട് യു.എസിനെ അറിയിച്ചതായാണ് റിപ്പോർട്ടുകള്‍. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍ പെടുത്തി ആവശ്യമായ ആയുധങ്ങള്‍ പരമാവധി തദ്ദേശീയമായി നിർമിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സംയുക്തമായി ആയുധങ്ങള്‍ വികസിപ്പിച്ച്‌ അവ ഇന്ത്യയില്‍ തന്നെ നിർമിക്കാനുള്ള പദ്ധതികള്‍ക്ക് മാത്രമേ നിലവില്‍ പ്രാധാന്യം നല്‍കുന്നുള്ളു. ഉയർന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീർഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച്‌ തുടരാനാകില്ലെന്നാണ കേന്ദ്രത്തിന്റെ സമീപനം.

യു.എസ് പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനം ഇന്ത്യ- യുഎസ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫിനെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ മുതിർന്നിട്ടില്ല. പകരം വിഷയം നയതന്ത്ര തലത്തില്‍ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമം. ദേശീയ താത്പര്യത്തില്‍ വിട്ടുവീഴ്ചക്കില്ല എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ബാധിക്കുന്ന തരത്തില്‍ സമ്മർദ്ദത്തിന് വഴങ്ങേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം.

ഈ സമയത്താണ് എഫ്-35 ഓഫർ ഇന്ത്യ ഔദ്യോഗികമായി നിരസിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള യു.എസിന്റെ വ്യാപാര കമ്മി കുറയ്ക്കാൻ അവിടെനിന്ന് പ്രകൃതിവാതകം, ആശയവിനിമയ ഉപകരണങ്ങള്‍, സ്വർണം എന്നിവ കൂടുതലായി ഇറക്കുമതി ചെയ്തേക്കും. എന്നാല്‍ പുതിയ ആയുധ ഇടപാട് തത്കാലമുണ്ടാകില്ല.

ഉയർന്ന വിലയുണ്ടെങ്കിലും എഫ്-35ന്റെ സമ്ബൂർണ നിയന്ത്രണം യുഎസ് ഒരിക്കലും ഇന്ത്യയ്ക്ക് നല്‍കില്ല. അതേസമയം, എസ്.യു-57ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് റഷ്യ മോഹനവാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാം, ഇന്ത്യൻ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാൻ യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും കൈമാറാം, ഇന്ത്യയില്‍ അസംബ്ലി ലൈൻ സ്ഥാപിക്കാൻ സഹായം തുടങ്ങിയ വാഗ്ദാനങ്ങള്‍ റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ നിർമിച്ചാല്‍ എസ്.യു-57ഇയുടെ നിർമാണ ചെലവ് പകുതിയോളം കുറയുമെന്നാണ് കരുതുന്നത്.

മാത്രമല്ല, ഇന്ത്യ വികസിപ്പിച്ച വിരൂപാക്ഷ റഡാർ, അസ്ത്ര മിസൈല്‍, രുദ്രം മിസൈല്‍ എന്നിവ ഇതില്‍ ഉപയോഗിക്കാനുമാകും. എഫ് -35 ഓഫർ നിരസിച്ചെങ്കിലും സഹകരണത്തിനുള്ള വാതിലുകള്‍ ഇന്ത്യ തുറന്നിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!