മെസ്സി ഇന്ത്യയിലേക്ക്: ഡിസംബറിൽ വാംഖഡെയിൽ സച്ചിനും ധോനിക്കുമൊപ്പം ക്രിക്കറ്റും കളിക്കും; റിപ്പോർട്ട്

ന്യൂഡൽഹി: ഫുട്ബോൾ മൈതാനങ്ങളിൽ മായാജാലം കാട്ടുന്ന ലയണൽ മെസ്സി ഒരു ബാറ്റും കയ്യിലേന്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ എങ്ങനെയുണ്ടാകും? അങ്ങനെയൊരു നിമിഷം വിദൂരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡിസംബറിൽ ലയണൽ മെസ്സി ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വാംഖഡെ സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഇന്ത്യൻ എക്സ്പ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളെ മെസ്സിക്കൊപ്പം കളത്തിലിറക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഏഴുപേർ വീതമുള്ള രണ്ടുടീമുകളാണ് ഏറ്റുമുട്ടുക. മത്സരം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ട്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, എം.എസ്. ധോനി എന്നിവർ മത്സരത്തിന്റെ ഭാഗമായേക്കും.
ഡിസംബർ 14-ന് മെസ്സി വാംഖഡെ സ്റ്റേഡിയത്തിൽ എത്തും. ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അദ്ദേഹം ഒരു ക്രിക്കറ്റ് മത്സരവും കളിച്ചേക്കും. കാര്യങ്ങൾക്കെല്ലാം അന്തിമരൂപമായാൽ സംഘാടകർ പൂർണ്ണമായ മത്സരക്രമം പുറത്തുവിടും. – മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ഡിസംബർ 13 മുതൽ 15 വരെയായിരിക്കും മെസ്സിയുടെ ഇന്ത്യാ സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, കൊൽക്കത്ത, ഡൽഹി എന്നീ മൂന്ന് നഗരങ്ങൾ മെസ്സി സന്ദർശിച്ചേക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് മെസ്സിയെ ആദരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.