കഫീൽ ഖാന് ജാമ്യം ; ഡോക്ടർക്ക് മേൽ ചുമത്തിയ ദേശ സുരക്ഷാ നിയമം കോടതി റദ്ദ് ചെയ്തു
ന്യൂ ഡൽഹി : ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം നല്‍കിയത്. ഡോക്ടര്‍ കഫീല്‍ ഖാന് എതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി എടുത്തു കളഞ്ഞു. ഡോക്ടറെ ഉടന്‍ മോചിപ്പിക്കാനും കോടതി നിര്‍ദ്ദേശം നല്കി. യുപി പോലീസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.
അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധസമരത്തില്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കഫീല്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കഫീല്‍ ഖാനെ പിന്നീട് മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍വച്ചായിരുന്നു കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാന് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. 2017ല്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ ഒമ്ബത് പേരില്‍ ഒരാളാണ് ഡോ കഫീല്‍ ഖാന്.
സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഫീല്‍ ഖാനെ ആശുപത്രിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയതിന്റെ പേരിലും കഫീല്‍ ഖാന് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.