ആദിത്യ L1 വിക്ഷേപണം ശനിയാഴ്ച രാവിലെ 11.50-ന്; L1 പോയിന്റില്‍ എത്തിച്ചേരാന്‍ വേണ്ടത് 125 ദിവസം

അമരാവതി: സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം. സുര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധ്യമാകുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന-ഇസ്റോയുടെ പ്രതീക്ഷ. ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണെന്നും ആദിത്യ എല്‍1 ന്റെ വിക്ഷേപണം ശനിയാഴ്ച രാവിലെ 11.50 ഓടെ നടക്കുമെന്നും ഐഎസ്ആര്‍ഓ ചെയര്മാന് എസ്. സോമനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍1 പേടകം ലക്ഷ്യമിടുന്നതെന്നും എല്‍1 പോയിന്റില്‍ എത്തിച്ചേരാന്‍ 125 ദിവസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍-4 നെ കുറിച്ച് ഇതുവരെ അന്തിമതീരുമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആദിത്യ എല്‍ 1ന് ശേഷം ഗഗന്യാന് ആകും അടുത്ത ദൗത്യമെന്നും കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ആദ്യവാരം ഗഗന്യാന് വിക്ഷേപണം നടക്കുമെന്നും അറിയിച്ചു. ആദിത്യ എല്‍1 ന്റെ വിക്ഷേപണത്തോടനുബന്ധിച്ച് ഡോ. എസ്. സോമനാഥ് തിരുപ്പതി ജില്ലയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും പൂജയും നടത്തി. ആദിത്യ എല്‍1 വിജയകരമാകാന്‍ ഇസ്റോയുടെ ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പേടകത്തിന്റെ ചെറുമാതൃകയുമായെത്തി പൂജ നടത്തി

