KSDLIVENEWS

Real news for everyone

അഫ്ഗാനിസ്താനില്‍ വൻഭൂചലനം; മരണം 600 കടന്നു, 1300 പേര്‍ക്ക് പരിക്ക്,1000-ലധികം വീടുകള്‍ നിലംപൊത്തി

SHARE THIS ON

കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ അതിതീവ്ര ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

കുറഞ്ഞത് 610 പേർ അപകടത്തില്‍ കൊല്ലപ്പെട്ടതായും 1,300 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തില്‍ പ്രകമ്ബനം അനുഭവപ്പെട്ടു. കുനാർ പ്രവിശ്യയില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. നൂർ ഗുല്‍, സോകി, വാട്പുർ, മനോഗി തുടങ്ങിയ പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ പൂർണമായോ ഭാഗികമായോ നശിച്ചു. കുനാർ ഗ്രാമത്തില്‍ മാത്രം 20 പേർ മരിച്ചതായും 35 പേർക്ക് പരിക്കേറ്റതായും ബിബിസിയുടെ ആദ്യ റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യസംഘടന അടിയന്തരസഹായവുമായി രംഗത്തുണ്ട്.

ദുരന്തത്തില്‍ ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. നൂറുകണക്കിനാളുകളുടെ മരണത്തിനും പരിക്കിനും കാരണമായ ഭൂചലനത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് ഐക്യരാഷ്ട്രസഭ എക്സ് പോസ്റ്റില്‍ സൂചിപ്പിച്ചു. അടിയന്തരസഹായവുമായി ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘം പ്രദേശത്തുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!