1396 കോടി രൂപ തട്ടിപ്പ് കേസ്; ഒഡീഷ വ്യവസായിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇഡി കണ്ടെത്തിയത് 10 ആഢംബര വാഹനങ്ങൾ

ഭുവനേശ്വർ: ഭുവനേശ്വറിൽ നടത്തിയ വ്യാപക റെയ്ഡിൽ ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരന്റെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് കോടികൾ വിലയുള്ള വസ്തുക്കളും പണവും. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിലാണ് ആഡംബര കാറുകളും സ്വർണാഭരണങ്ങളും കോടിക്കണക്കിന് രൂപയും പിടിച്ചെടുത്തത്.
വ്യവസായിയായ ശക്തി രഞ്ജൻ ദാഷിന്റെ വീട്ടിലും ഓഫീസുകളിലും നടന്ന റെയ്ഡിലാണ് കോടികൾ വിലവരുന്ന വസ്തുക്കൾ കണ്ടെടുത്തത്. ശക്തി രഞ്ജന്റെ വസതിയിലും അൻമോൾ മൈൻസ് പ്രൈവറ്റ് ലിമിറ്റഡ്, അൻമോൾ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലായിരുന്നു ഇഡിയുടെ റെയ്ഡ് നടന്നത്.
ഒരു പോർഷെ കയെൻ, മേഴ്സിഡസ് ബെൻസ് ജിഎൽസി, ബിഎംഡബ്ല്യൂ എക്സ് 7, ഓഡി എ3, മിനി കൂപ്പർ, ഹോണ്ട ഗോൾഡ് വിങ്, ആഡംബര ബൈക്കുകൾ തുടങ്ങി ഏഴ് കോടി രൂപയിലധികം വില വരുന്ന വാഹനങ്ങളാണ് ദാഷിന്റെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത്. ഇത് കൂടാതെ 1.12 കോടി രൂപയുടെ ആഭരണങ്ങൾ, 13 ലക്ഷം രൂപ, സ്വത്തുക്കളുമായി ബന്ധപ്പെട്ട ചില കുറ്റകരമായ രേഖകൾ എന്നിവയും കണ്ടെത്തിയിട്ടുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ദാഷിന്റെ രണ്ട് ലോക്കറുകൾ മരവിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
മെസ്സേഴ്സ് ഇന്ത്യൻ ടെക്നോമാക് കമ്പനി ലിമിറ്റഡിന്റെ 1,396 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് റെയ്ഡുകൾ നടന്നത്.
കേസിൽ നേരത്തെ 310 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരുന്നത്. ഒഡീഷയിൽ അൻമോൾ മൈൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടുകളിലേക്ക് ഐടിസിഒഎല്ലും അനുബന്ധ കമ്പനികളും ഏകദേശം 59.80 കോടി രൂപ വക മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.