ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ എല്ലാവർക്കും അറിയാമല്ലോ: നിലപാടുമാറ്റത്തിന്റെ സൂചന നൽകി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാടുമാറ്റിയേക്കുമെന്ന സൂചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഗോള അയ്യപ്പസംഗമം നടത്തുമ്പോള്‍, അതിന് മുന്‍പ് സര്‍ക്കാരും ദേവസ്വംബോര്‍ഡും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ കൈക്കൊണ്ട നിലപാട് മാറ്റണമെന്ന് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തോടായിരുന്നു പി.എസ്. പ്രശാന്തിന്റെ മറുപടി.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. നമുക്ക് നിയമവിദഗ്ധരുമായി കൂടിയാലോചിക്കണം. കൂടിയാലോചിച്ച് എന്താണോ ചെയ്യാന്‍ കഴിയുന്നത് അത് ചെയ്യും. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താണെന്ന് അറിയാമല്ലോ എല്ലാവര്‍ക്കും. അവ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. ഒപ്പംതന്നെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് എന്താണോ ചെയ്യേണ്ടത് അത് ചെയ്യും, പ്രശാന്ത് പറഞ്ഞു.
അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടിയാണ് അയ്യപ്പ സംഗമമെന്നും അത് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ വിളംബരം ആകുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ശബരിമല പോര്‍ട്ടലിലൂടെ നടക്കുകയാണ്. വിദേശത്തുനിന്നുള്ള 4000 പേര്‍ക്ക് വെര്‍ച്ചല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.