രാജ്യത്ത് 5 ജി സേവനം ഇന്ന് മുതല്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; നിരക്ക് എത്രയെന്ന് വൈകാതെ അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച നിര്‍വഹിക്കും. രാവിലെ 10-ന് ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരിക്കും പ്രഖ്യാപനം. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.
5 ജി സ്പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയ മുകേഷ് അംബാനി (റിലയന്‍സ് ജിയോ), സുനില്‍ മിത്തല്‍ (എയര്‍ടെല്‍), രവീന്ദര്‍ ടക്കര്‍(വൊഡാഫോണ്‍ ഐഡിയ) എന്നിവരും വേദിയിലുണ്ടാകും. 5 ജി സേവനം പൊതുജനങ്ങള്‍ക്ക് എന്ന് ലഭ്യമാകും, നിരക്ക് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ പോയത്.

