ദേശീയപാത സർവീസ് റോഡിൽ കാത്തിരിപ്പ് കേന്ദ്രങ്ങളേറെ: പക്ഷേ ബസുകൾ നിർത്തുന്നത് തോന്നിയപോലെ

കാസർകോട്: ദേശീയപാത 66-ന്റെ നിർമാണം അതിവേഗം പുരോഗമിക്കവെ സർവീസ് റോഡ് മിക്ക സ്ഥലങ്ങളിലും ഗതാഗത സജ്ജമാക്കി. തലപ്പാടി-ചെങ്കള ആദ്യ റീച്ചിൽ സർവീസ് റോഡുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചുവെങ്കിലും അതൊന്നും കണ്ട മട്ടിലല്ല ബസ് നിരത്തിലിറങ്ങുന്നത്. തോന്നുന്നിടത്ത് ബസുകൾ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. ഇത് ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
അടിപ്പാതകളുള്ള സ്ഥലത്താണെങ്കിൽ അതിന് മുൻവശത്താണ് ബസുകൾ നിർത്തുന്നത്. ഗതാഗത നിയന്ത്രണത്തിന് ചുമതലയുള്ള പോലീസോ ഹോംഗാർഡോ ഉണ്ടെങ്കിൽ മാത്രമാണ് കൃത്യമായ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നത്. എല്ലായ്‌പ്പോഴും പോലീസ് നിരീക്ഷണം സാധ്യമാകുന്നുമില്ല. റോഡരികിലേക്ക് ഒതുക്കാതെ അടിപ്പാതകൾക്ക് മുന്നിൽ ബസുകൾ നിർത്തുന്നത് അപകടങ്ങൾക്കുമിടയാക്കും. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചിടങ്ങളിൽ നിൽക്കുന്ന ആളുകൾ പലപ്പോഴും ഓടിവന്നാണ് ബസുകളിൽ കയറുന്നത്.
ദേശീയപാതയിൽ ഇരുഭാഗത്തേക്കുമുള്ള യാത്രയിൽ ഇത് നിത്യസംഭവമാണ്. സ്‌കൂൾ സമയങ്ങളിലാണ് ഇത് ഏറെയും പ്രയാസമാകുന്നത്. നായമ്മാർമൂല പോലെ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂൾ പരിസരങ്ങളിലെ സ്റ്റോപ്പുകളിൽ ആളുകളെ കയറ്റാനും ഇറക്കാനുമായി ഏറെ നേരമാണ് നിർത്തിയിടേണ്ടി വരുന്നത്. ചിലപ്പോൾ ഒന്നിലേറെ ബസുകൾ നിരനിരയായി നിർത്തിയിട്ടുണ്ടാകും. മറ്റു വാഹനങ്ങൾക്ക് മറികടക്കാനാകാത്ത വിധമാകുമ്പോഴാണ് കുരുക്ക് രൂക്ഷമാകുന്നത്.

