KSDLIVENEWS

Real news for everyone

5 പതിറ്റാണ്ടിനിടെയിലെ മഹാപ്രളയം, സ്പെയിനില്‍ മരണം 158 ആയി, പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായില്ല

SHARE THIS ON

മഡ്രിഡ്: അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ മഹാപ്രളയത്തില്‍ സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 158 ആയി. എത്ര പേരെ കാണാതായിട്ടുണ്ടെന്ന് വ്യക്തമല്ല.

കിഴക്കൻ മേഖലയായ വലൻസിയയില്‍ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. പൂർണമായി മുങ്ങിയ പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

ഒരു വർഷം പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂറിനുള്ളില്‍ വലൻസിയയില്‍ പെയ്തത്. കാലാവസ്ഥാ വ്യതിയാനവുമായി ഈ അവസ്ഥയ്ക്ക് ബന്ധമുണ്ടെന്ന് വിദഗ്ധർ പറയുന്നു. സ്പെയിനിന്‍റെ തെക്കും കിഴക്കും ഭാഗങ്ങളിലാണ് അതിശക്തമായ മഴ പെയ്തത്. റോഡുകളെല്ലാം വെള്ളത്തിലായി. ചെളി നിറഞ്ഞ വെള്ളം കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടു. റെയില്‍, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു. തെരുവുകളില്‍ കാറുകള്‍ ഒഴുകിപ്പോകുന്നതും കെട്ടിടങ്ങളില്‍ വെള്ളം അടിച്ചുകയറുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നലെ രക്ഷാപ്രവർത്തകർ എട്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളവും ടോയ്‌ലറ്റ് പേപ്പറും പോലുള്ള അവശ്യ സാധനങ്ങള്‍ വാങ്ങാൻ ലാ ടോറെയില്‍ നിന്ന് വലൻസിയ സിറ്റി സെന്‍ററിലേക്ക് ടൂരിയ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ നടന്നാണ് ആയിരങ്ങള്‍ എത്തിയത്.

മെഡിറ്ററേനിയൻ കടലിലെ ചൂടുള്ള വെള്ളത്തിനു മുകളിലൂടെ തണുത്ത വായു നീങ്ങുമ്ബോള്‍ സംഭവിക്കുന്ന ‘കോള്‍ഡ് ഡ്രോപ്പ്’ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ശക്തമായ മഴയ്ക്ക് കാരണം. ചിലയിടങ്ങളില്‍ 24 മണിക്കൂറില്‍ 150 മില്ലീ മീറ്ററിലേറെ മഴ പെയ്തു. വളരെയധികം ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!