KSDLIVENEWS

Real news for everyone

തൊഴിൽ, വിസാ നിയമലംഘനങ്ങൾക്ക് പിടിയിലായ 20 മലയാളികളടക്കം 290 പ്രവാസി ഇന്ത്യക്കാരെ കൂടി തിരിച്ചയച്ചു.

SHARE THIS ON

റിയാദ് : തൊഴിൽ , വിസാ നിയമ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 20 മലയാളികളടക്കം 290 ഇന്ത്യാക്കാർ കൂടി തിങ്കളാഴ്ച നാട്ടിലെത്തി . അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം നാനൂറോളം പേർ റിയാദിലെ കേന്ദ്രത്തിൽ മാത്രം ബാക്കിയുണ്ട് . വരും ദിവസങ്ങളിൽ ഇവരെയും നാട്ടിലയക്കും . ഇതോടെ കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി . സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് തിങ്കളാഴ്ച അവസാന സംഘം പോയത് . റിയാദിൽ നിന്ന് രാവിലെ പത്തോടെ പുറപ്പെട്ട ഇവർ രാത്രിയോടെ ഡൽഹിയിലെത്തി . കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഇവരെല്ലാം സ്വദേശങ്ങളിൽ എത്തിച്ചേരും . 20 മലയാളികളെ കൂടാതെ 11 തമിഴ്നാട്ടുകാരും 15 ആന്ധ്രപ്രദേശുകാരും 22 ബിഹാർ സ്വദേശികളും 116 ഉത്തർപ്രദേശുകാരും 54 പശ്ചിമബംഗാൾ സ്വദേശികളും 18 രാജസ്ഥാനികളുമാണ് സംഘത്തിലുണ്ടായിരുന്നത് . റിയാദിലെ തർഹീലിൽ അവശേഷിക്കുന്നതിൽ മലയാളികളടക്കം വിവിധ സംസ്ഥാനക്കാരുണ്ട് . തർഹീലിൽ നിന്ന് ഊഴമനുസരിച്ച് നിയമലംഘകരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നത് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ , യൂസുഫ് കാക്കഞ്ചേരി , അബ്ദുൽ സമദ് , തുഷാർ എന്നിവരാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!