KSDLIVENEWS

Real news for everyone

എസ്‌ഐആര്‍ സമയപരിധി നീട്ടൽ: അംഗീകരിക്കപ്പെട്ടത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം

SHARE THIS ON

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ 12 ഇടങ്ങളില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണ(എസ്ഐആര്‍) നടപടികളുടെ സമയപരിധി ഒരാഴ്ചകൂടി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ്. നിലവില്‍ ഇവിടങ്ങളില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിന്റെ നിരക്ക് (ഡിജിറ്റൈസേഷന്‍) 84.3 ശതമാനമാണ്.

കര്‍ശനമായ സമയപരിധി ജനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്ന പ്രതിപക്ഷ ആരോപണം മുറുകുന്നതിനിടെയാണ് കമ്മിഷന്റെ തീരുമാനം. പുതിയ നിര്‍ദേശപ്രകാരം എന്യൂമറേഷന്‍ ഫോം ഡിസംബര്‍ 11 വരെ നല്‍കാം. നേരത്തേയിത് ഡിസംബര്‍ നാല് ആയിരുന്നു. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കുന്നത് മാറ്റി 16 ആക്കി. അന്തിമപട്ടിക ഫെബ്രുവരി ഏഴിനെന്നുള്ളത് 14-ഉം ആയി.

സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിപ്പോയവര്‍, മരിച്ചവര്‍, ഇരട്ടവോട്ടുള്ളവര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും ബിഎല്‍ഒമാര്‍ക്കും ബില്‍എമാര്‍ക്കും സമയംനല്‍കുന്നതിനും പൂര്‍ണ സുതാര്യത ഉറപ്പുവരുത്താനുമാണ് തീയതി നീട്ടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. അമിത ജോലിഭാരത്തെത്തുടര്‍ന്ന് ബിഎല്‍ഒമാര്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ കേരളത്തിലടക്കം ഉണ്ടായിട്ടുണ്ട്. 40 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മരിച്ചതായും അതില്‍ ഭൂരിഭാഗവും ജോലിസമ്മര്‍ദം മൂലമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അംഗീകരിക്കപ്പെട്ടത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം

എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ഒരാഴ്ചകൂടി നീട്ടിയതോടെ അംഗീകരിക്കപ്പെട്ടത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം. ആദ്യ ഘട്ടത്തില്‍ തന്നെ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. കോടതിയേയും സമീപിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ എല്ലാ യോഗങ്ങളിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. ഈ യോഗങ്ങളുടെ മിനിറ്റ്‌സ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം കണക്കിലെടുത്താണോ സമയം നീട്ടിയതെന്ന ചോദ്യത്തിന് അതും കാരണമായേക്കാമെന്ന് സിഇഒ രത്തന്‍ യു. കേല്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!