പ്രശ്നബാധിത ബൂത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നു സ്ഥാനാർത്ഥിയുടെ ആവശ്യം

മേൽപറമ്പ്: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ദേളി 14-ാം വാർഡിൽ നിന്ന് LDF പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് പ്രശ്നബാധിതമായി കണക്കാക്കപ്പെടുന്ന ബൂത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കു പരാതി നൽകി.
സൈഫുദ്ദീൻ കെ. മാക്കോട് നൽകിയ അപേക്ഷയിൽ, വോട്ടർമാർ ഭയമില്ലാതെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി സിസിടിവി നിരീക്ഷണം ഉറപ്പാക്കുകയും, തൃപ്തികരമായ പോലീസ് സാന്നിധ്യം ഒരുക്കുകയും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേളി വാർഡ് ബൂത്ത് ഒരു പ്രശ്നബാധിത ബൂത്ത് ആണെന്ന് കണക്കിലെടുത്താണ് അപേക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം, ബൂത്ത് പരിസരത്ത് കൂട്ടംകൂടി നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നതോ ക്യാൻവാസ് നടത്തുന്നതോ എതിര്‍കക്ഷി വോട്ടർമാരുടെ സ്വതന്ത്ര ഗതാഗതം തടസ്സപ്പെടുത്തുന്നതോ ചെയ്യാതിരിക്കാൻ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തൻറെ അപേക്ഷ യഥാവിധി പരിഗണിക്കപ്പെടുകയും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സമാധാനപരവുമായി നടപ്പാകുന്നതിനുള്ള ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി സൈഫുദ്ദീൻ മാ ക്കോട് അറിയിച്ചു.

