ചെന്നൈയിൽ കനത്ത മഴ: പ്രളയമുന്നറിയിപ്പ്; സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു

ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമർദ്ദത്തെ തുടർന്ന് തിരുവള്ളൂർ, ചെന്നൈ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ചെന്നൈയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം ചെന്നൈ തിരുവള്ളുവര്‍ എന്നിവിടങ്ങളില്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവള്ളൂരിൽ പൂനമല്ലി ഹൈവേയിൽ മഴവെള്ളക്കെട്ടിൽ ഒരു കാർ കുടുങ്ങി. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരന്തബാധിതപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്രങ്ങൾ ഒറ്റപ്പെട്ടുപോയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലടക്കം മഴ ശക്തമായിരുന്നു. 24 മണിക്കൂറിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ.

