പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളനത്തിൽ നിന്ന് യുവനേതാക്കളെ ഒഴിവാക്കി സമസ്ത നേതൃത്വം

മലപ്പുറം: മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന യുവ നേതാക്കളെ വെട്ടി സമസ്ത നേതൃത്വം. പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിയിരിക്കുന്നത്. മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചവരെയാണ് മാറ്റി നിര്‍ത്തിയത്.
വെട്ടിനിരത്തിലിന് പിന്നില്‍ ലീഗ് നേതാക്കളെന്ന് ആരോപണവുമായി സമസ്‌തയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സമസ്ത മുശാവറ നേരിട്ട് നടത്തുന്ന ഏക സ്ഥാപനമാണ് പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ കോളേജ്. മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡണ്ടായ സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനമാണ് ജനുവരി 3 മുതല്‍ 7 വരെയാണ്നടക്കുന്നത്. ഈ വേദിയില്‍ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയത്. ജാമിഅ സമ്മേളനങ്ങളില്‍ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. ഹമീദ് ഫൈസി അമ്ബലക്കടവ്, സത്താര്‍ പന്തല്ലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്.
ഏക സിവില്‍ കോഡ് വിഷയമടക്കം പല ഘട്ടങ്ങളിലായി മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചവരാണ് മാറ്റി നിര്‍ത്തപെട്ടവര്‍. വെട്ടിനിരത്തിലിന് പിന്നില്‍ സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളാണന്നാണ് സമസ്‌തയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സമസ്തയുടെ സ്ഥാപനത്തിലെ പരിപാടിയില്‍ നിന്ന് തന്നെ യുവ നേതാക്കളെ വെട്ടി മാറ്റിയതില്‍ സംഘടനക്ക് അകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സമ്മേളന പ്രചാരണാര്ഥം കാസര്‍കോട് ജില്ലയില്‍ ഇന്ന് നടത്താൻ തീരുമാനിച്ച ജാമിഅ ഫെസ്റ്റ് നിറുത്തി വെച്ചു. നാളെ സമ്മേളനം ആരംഭിക്കാനിരിക്കയാണ് യുവ നേതാക്കളെ തഴഞ്ഞതില്‍ വിവാദം ശക്തമാകുന്നത്.

