കേരളം ഭരിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണം; കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ല’; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുമില്ല. കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത്. ഇന്ത്യ ഭരിക്കുന്നവർ എല്ലാവരേയും ഒരു പോലെ കാണണം.
എല്ലാ ആനുകൂല്യങ്ങളും എല്ലാവർക്കും നൽകണം. വർഗീയത നമ്മെ തൊട്ടുതീണ്ടാൻ പാടില്ല. മറ്റ് മതത്തിലുള്ള മനുഷ്യരെ നാം തെറി പറയാറില്ല. ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ട് ഇല്ല. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈ കൊടുക്കില്ല. കേരളം ഭരിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ ഇന്ന് തുടക്കമായി. കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു. മനുഷ്യർക്കൊപ്പം എന്നതാണ് യാത്രയുടെ മുദ്രാവാക്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇന്ന് നാട്ടിൽ മനുഷ്യത്വം മരവിച്ചു, അരാജകത്വം പടരുന്നു, നാട്ടിൽ അധർമ്മം നടക്കുന്നു.
ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര. സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ.
കേരള അതിർത്തിയായ തലപ്പാടിയിൽ നിന്ന് യാത്രയെ സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാല് മണിക്ക് ചെർക്കളയിലാണ് ആദ്യ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിന് മുൻപ് 1999ലും 2012ലും കാന്തപുരം കേരള യാത്ര നടത്തിയിരുന്നു.

