സമുദായ നേതാക്കൾ വർഗീയത പറയരുത്: കാന്തപുരം

കണ്ണൂർ: സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രയ്ക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവർ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാവണം.
നമ്മുടെ ഒരു പ്രയോഗം കൊണ്ട് സമൂഹത്തിൽ ഛിദ്രത ഉണ്ടാകാനിട വരരുത്. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മത സൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ഇത് ജനാധിപത്യ സമൂഹത്തിന് ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ല.
നാം മനുഷ്യരാകണം. മനുഷ്യനാകുന്നതിന് വലിയ അർഥങ്ങൾ ഉണ്ട്. ചേർന്ന് നിൽക്കാനും ചേർത്തു നിർത്താനും നമുക്കാകണം. ഭൗതികവും ആത്മീയവുമായ വളർച്ചയിലൂടെയാണ് മനുഷ്യൻ സമൂഹത്തിൽ ഉന്നതനാകുന്നതെന്നും കാന്തപുരം പറഞ്ഞു. സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. അബൂബക്കർ മുസല്യാർ പട്ടുവം അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എംപി, കെ.വി. സുമേഷ് എംഎൽഎ, ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

