ചെന്നിത്തലയ്ക്കു എൻഡോസൾഫാൻ ഇരകൾ ഹർജി സമർപ്പിച്ചു

കാസർകോട് ∙ ഐശ്വര്യ കേരള യാത്രക്കിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ട് പരാതി ബോധിപ്പിച്ച് എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ. സുപ്രീം കോടതിയിൽ പോയി നേടിയ ഉത്തരവ് പോലും സർക്കാർ നടപ്പാക്കുന്നില്ലെന്ന് ഇവർ പ്രതിപക്ഷ നേതാവിനോട് പരാതിപ്പെട്ടു. കോടതിവിധി അനുസരിച്ചു 6728 പേർക്ക് 5 ലക്ഷം നഷ്ടപരിഹാരത്തിനു അർഹതയുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാർ മുന്നോട്ടു വെച്ച മുളിയാർ പുനരധിവാസ ഗ്രാമം പദ്ധതി മുന്നോട്ടു കൊണ്ടുപോവാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല. സായ് ട്രസ്റ്റ് നിർമിച്ചു നൽകിയ വീടുകൾക്ക് പട്ടയം നൽകാൻ റവന്യു വകുപ്പ് ഇടപെടുന്നില്ല.
മുനീസ അമ്പലത്തറ, സിസ്റ്റർ ജയ ആന്റോ, താജുദ്ദീൻ പടിഞ്ഞാർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫെറീന കോട്ടപ്പുറം, സിബി അലക്സ്് എന്നിവരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം നൽകിയത്. എൻഡോസൾഫാൻ ദുരിതബാധിതരെ മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ജില്ലയിലെ പിന്നോക്ക അവസ്ഥക്ക് പരിഹാരമായി പ്രത്യേക പാക്കേജുണ്ടാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

