ആരോഗ്യ മന്ത്രി വാക്‌സിന്‍ സ്വീകരിച്ചു; മുഖ്യമന്ത്രി നാളെ വാക്‌സിനെടുത്തേക്കും

തിരുവനന്തപുരം: രണ്ടാം ദിനത്തിലും കേരളത്തിൽ മുതിർന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വാക്സിൻ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ വാക്സിൻ സ്വീകരിച്ചേക്കും.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വാക്സിൻ കേന്ദ്രത്തിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്. ആരോഗ്യമന്ത്രിക്കൊപ്പം ഭർത്താവ് കെ. ഭാസ്കരനും വാക്സിൻ സ്വീകരിക്കാനെത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാക്സിൻ സ്വീകരിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങൾ നടത്താൻ മെഡിക്കൽ കോളേജിന് അറിയിപ്പ് നൽകുകയും അതനുസരിച്ച് ക്രമീകരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. പോലീസ് വിന്യാസമടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രി നാളെയായിരിക്കും വാക്സിൻ സ്വീകരിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.

