KSDLIVENEWS

Real news for everyone

നാഗാലാൻഡിൽ ചരിത്രമെഴുതി 2 വനിതകൾ; ബിജെപി ഹിറ്റ് മേക്കർ, തകർന്ന് കോൺഗ്രസ്

SHARE THIS ON

കൊഹിമ ∙ ചരിത്രത്തിലാദ്യമായി നാഗാലാന്‍ഡ് നിയമസഭയിലേക്ക് വനിതാ എംഎല്‍എമാർ. എൻഡിപിപിക്കുവേണ്ടി ദിമാപുർ–III യിൽ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്‌റ്റേണ്‍ അംഗാമിയിൽനിന്നു ജനവിധി തേടിയ സല്‍ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് തിളക്കമാർന്ന വിജയത്തോടെ ചരിത്രം കുറിച്ചത്. 154 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 14,395 വോട്ടാണ് ജഖാലു നേടിയത് (45.16%). രണ്ടാമത് എത്തിയത് ലോക് ജനശക്തി പാർട്ടി (രാം വിലാസ്)ക്കു വേണ്ടി മത്സരിച്ച അഷെതോ ഷിമോമിയാണ് (12,859 വോട്ട്– 40.34%). അതേസമയം സല്‍ഹൗതുവോനുവോയുടെ വിജയം തലനാരിഴയ്ക്കായിരുന്നു. അവർ 6,956 വോട്ട് (49.87%) വോട്ട് നേടിയപ്പോൾ മുഖ്യ എതിരാളിയും മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയുമായ കെനീഷാഖോ നഖ്‌റോ (ഐഎൻഡി)  6,915 വോട്ടുമായി (49.57%) തൊട്ടുപിന്നിലെത്തി. യുവത്വമാണ് വലിയ സമ്പത്തെന്നു വിശ്വസിക്കുന്ന ഹെകാനി ജഖാലു, 17 വർഷമായി യുവാക്കളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്നയാളാണ്. ‘നാഗാലാൻഡ് പുരോഗമിക്കണമെങ്കിൽ ആദ്യം നമ്മുടെ യുവാക്കളെ അതിനു പ്രാപ്തരാക്കണം’ എന്നാണ് അവർ പറയുന്നത്. സ്വന്തം കാലിൽ നിൽക്കാനും സ്വതന്ത്രരാകാനും യുവജനതയ്ക്ക് കഴിയുമെങ്കിൽ അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് ജഖാലു വിശ്വസിക്കുന്നു. ന്യൂനപക്ഷത്തിന്റെ ഉന്നമനം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയായിരുന്നു ജഖാലുവിന്റെ പ്രചാരണം.

എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയായിരുന്നു പ്രകടനപത്രികയിൽ പറഞ്ഞത്. 24 വർഷമായി വിവിധ എൻ‌ജി‌ഒകളിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ് സൽഹൗതുവോനുവോ. അന്തരിച്ച എന്‍ഡിപിപി നേതാവ് കെവിശേഖോ ക്രൂസിന്റെ ഭാര്യയാണ്‌. 2018 ൽ ഇതേസീറ്റിലാണ് കെവിശേഖോ മത്സരിച്ചത്. അതേസമയം, എക്‌സിറ്റ് പോളുകൾ പ്രവചിച്ചതു പോലെ വൻ ഭൂരിപക്ഷത്തോടെ എന്‍ഡിപിപി-ബിജെപി സഖ്യം ഭരണം നിലനിര്‍ത്തി. 60 സീറ്റിൽ 43 ഇടത്ത് എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. മൂന്നിടത്ത് ബിജെപിയും 10 മണ്ഡലങ്ങളിൽ മുന്‍മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ എൻഡിപിപിയും യുണൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സും (യുഡിഎ) വിജയിച്ചു. കോൺഗ്രസാകട്ടെ, ഇത്തവണയും തീർത്തും നിറംമങ്ങിപ്പോയി.

സഖ്യത്തിന്റെ ഗോത്രരാഷ്ട്രീയം വോട്ടായി

ശക്തമായ പ്രതിപക്ഷമില്ലാതെയാണ് നാഗാലാന്‍ഡില്‍ പോരാട്ടം നടന്നത്. ഒരു സ്ഥാനാര്‍ഥി എതിരില്ലാതെ ജയിച്ചതിനാല്‍ 59 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. അകുലുതോ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കകേഷെ സുമി അപ്രതീക്ഷിതമായി പത്രിക പിന്‍വലിച്ചതോടെ ബിജെപി സ്ഥാനാര്‍ഥി കഷേട്ടോ കിമിനി (68) എതിരില്ലാതെ ജയിച്ചുകയറി. ആര്‍ജെഡി നേതാവായിരുന്ന സുമി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. നാഗാ സമാധാനക്കരാര്‍, ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് സംസ്ഥാന രൂപീകരണം, റോഡ് വികസനം, വൈദ്യുതി, പുതിയ വിദ്യാഭ്യാസ– ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ പ്രധാന വിഷയമാക്കി നടത്തിയ പ്രചാരണങ്ങളാണ് സഖ്യത്തിന്റെ വന്‍ വിജയത്തിനു പിന്നില്‍. ഗോത്രരാഷ്ട്രീയവും പണവും അധികാരം നിശ്ചയിക്കുന്ന സംസ്ഥാനം നിഷ്പ്രയാസം എന്‍ഡിപിപി-ബിജെപി സ്വന്തമാക്കി.

nagaland

അമിത് ഷാ, നെയ്ഫ്യൂ റിയോ, നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണത്തിന് എത്തിയതും ഫലം കണ്ടു. ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ നാഗാലാന്‍ഡിലെ 7 ഗോത്രങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങിയപ്പോള്‍ നിര്‍ണായക ഇടപെടലാണ് അമിത് ഷാ നടത്തിയത്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉറപ്പ് ബിജെപിക്കുള്ള വോട്ടായി മാറി. കിഴക്കന്‍ നാഗാലാന്‍ഡിനു പ്രത്യേക പാക്കേജ് ആണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്.

2018 ലാണ് നാഗാലാന്‍ഡില്‍ എന്‍ഡിപിപി ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത്. എന്‍പിഎഫ് (നാഗാ പീപ്പിള്‍ ഫ്രണ്ട്) ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ചതിനു പിന്നാലെ നെയ്ഫ്യൂ റിയോ എന്‍ഡിപിപി രൂപീകരിക്കുകയായിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ എന്‍പിഎഫ് 26 സീറ്റു നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ഭരണം എന്‍ഡിപിപി-ബിജെപി സഖ്യത്തിനായിരുന്നു. പിന്നാലെ എന്‍പിഎഫിലെ 21 എംഎല്‍എമാര്‍ യുഡിഎയിൽ ചേരുകയായിരുന്നു. ഇത്തവണയും നേതാക്കളെ നഷ്ടമാകുമോ എന്ന ആശങ്ക പാര്‍ട്ടിക്ക് ഇല്ലായ്കയില്ല. ഇത്തവണ 22 സ്ഥാനാര്‍ഥികളെയാണ് എന്‍പിഎഫ് മത്സരത്തിനിറക്കിയത്. ഇതില്‍ 2 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ഇനിയൊരു തിരിച്ചുവരവ്…?

congress-nagaland

കോൺഗ്രസ് പ്രചാരണ പരിപാടിയിൽ നിന്ന്.

10 വര്‍ഷം തുടര്‍ച്ചയായി നാഗാലാന്‍ഡ് ഭരിച്ച കോണ്‍ഗ്രസ് അടിമുടി തകര്‍ന്ന നിലയിലാണ്. ഒരു സീറ്റെങ്കിലും ജയിക്കാനാകുമോ എന്ന് ഉറപ്പില്ലാതെയാണ് പാര്‍ട്ടി 23 മണ്ഡലങ്ങളില്‍ ജനവിധി തേടിയത്. തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച്, അടുത്തൊന്നും ഒരു തിരിച്ചുവരവിനു സാധ്യത കാണുന്നുമില്ല. 2021 ഡിസംബര്‍ നാലിന് നാഗാലാന്‍ഡില്‍ നടന്ന കൂട്ടക്കൊല (വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് കമാന്‍ഡോകള്‍ നടത്തിയ വെടിവയ്പിലും തുടര്‍സംഘര്‍ഷങ്ങളിലുമായി ആകെ 15 പേരാണ് കൊല്ലപ്പെട്ടത്) ബിജെപിക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ അത് ഒരുതരിപോലും ബാധിച്ചില്ലെന്നു വേണം പറയാന്‍. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!