മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്; നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർക്കായി ഭേദഗതി വരുത്തി.
വോട്ടർ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവർക്ക് പോളിങ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
ദേശീയ ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ (ഫോം 12 ഡി) തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നല്‍കണം.
ബൂത്ത് ലെവല്‍ ഓഫീസർമാരില്‍ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം. അപേക്ഷകള്‍ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിങ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് പോസ്റ്റല്‍ ബാലറ്റ് നല്‍കും. വോട്ട് രേഖപ്പെടുത്തി നല്‍കുന്ന ബാലറ്റ് കൈപ്പറ്റി അധികൃതർക്ക് നല്‍കും.

