KSDLIVENEWS

Real news for everyone

ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് ട്രംപ്; ഇറാന്റെ സൈനിക ശേഷിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി

SHARE THIS ON

ഇറാന്‍-അമേരിക്ക ചര്‍ച്ചയ്ക്ക് വഴി തെളിയുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും യുദ്ധ പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്. ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം. ഇറാന്റെ ഒന്‍പത് യുദ്ധക്കപ്പലുകള്‍ കടലില്‍ മുക്കിയെന്നും ബാക്കിയുള്ളവ ഉടന്‍ നശിപ്പിക്കുമെന്നും പ്രഖ്യാപനം ഇറാന്‍ സ്റ്റേറ്റ് TVക്ക് നേരെയും ആക്രമണം. പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാന്റെ ദേശീയ ടെലിവിഷന്‍.

ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്റെ നാവിക ആസ്ഥാനം ഞങ്ങള്‍ നശിപ്പിച്ചു. നാവികസേനയെയും ഉടന്‍ നാമാവശേഷമാക്കും – അദ്ദേഹം കുറിച്ചു.

അതേസമയം, ഇറാന്റെ സൈനിക ശേഷിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇറാന് ചില കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സൈനിക ശേഷിയില്‍ ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും അരഗ്ചി വ്യക്തമാക്കി. യുഎസ് സൈന്യത്തിന്റെ പരാജയങ്ങളെക്കുറിച്ച് പഠിക്കാന്‍ തങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ടുകള്‍ ലഭിച്ചെന്ന് അരഗ്ചി പറഞ്ഞു. അതിനനുസരിച്ച് ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ ബോംബാക്രമണങ്ങള്‍ യുദ്ധം നടത്താനുള്ള ഇറാന്റെ കഴിവിനെ ഒരു തരത്തിലും ബാധിക്കുന്നില്ല – അദ്ദേഹം പറഞ്ഞു.

ഇറാന്‍ ഒരു വ്യക്തിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേല്‍ ബഗായ് വ്യക്തമാക്കി. ഇറാന്റെ ശത്രുക്കളുടെ വിചാരം അതായിരുന്നു. അതാണ് അവര്‍ പ്രചരിപ്പിച്ചത്. തന്റെ രാജ്യം ഇറാനെ മാത്രമല്ല, മുഴുവന്‍ മേഖലയെയും സംരക്ഷിക്കുകയാണ്. ഖമനയിയുടെ കൊലപാതകം അന്താരാഷ്ട്ര കുറ്റകൃത്യമാണ്. ഇത് ഇറാനെതിരായ യുദ്ധപ്രഖ്യാപനം. ഇറാന്‍ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ എല്ലാ കഴിവുകളും പ്രയോഗിക്കും. ആയുധങ്ങളും ലക്ഷ്യങ്ങളും തീരുമാനിക്കുന്നത് സായുധ സേനയാണ്. ഇറാന് മേഖലയിലെ രാജ്യങ്ങളുമായി പ്രശ്‌നങ്ങളില്ല – ബഗായ് പറഞ്ഞു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!